
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 113.04 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണിത്. പദ്ധതിയുടെ 2026-27 അദ്ധ്യയന വർഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതമായ 74.55 കോടിയും ആനുപാതിക സംസ്ഥാന വിഹിതമായ 38.49 കോടിയും ചേർത്ത് 113.04കോടി വിനിയോഗിക്കാനാണ് അനുമതി.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക വിനിയോഗിക്കുന്ന എസ്.എൻ.എ സ്പർശ് മുഖേനെയാണ് തുക വിനിയോഗിക്കേണ്ടത്. ആഗസ്റ്റ് മുതൽ പദ്ധതിയുടെ ഫണ്ട് മുടങ്ങിയതും പ്രതിസന്ധിയും ഒക്‌ടോബർ 26ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം 35 കോടിയാണ് 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ഉച്ചഭക്ഷണത്തിന് ചെലവാകുന്നത്. സപ്ലൈകോ അരി നൽകുന്നുണ്ടെങ്കിലും പച്ചക്കറിയും പലവ്യജ്ഞനങ്ങളും വാങ്ങാനും പാചക വാതകത്തിന്റെ തുക കണ്ടെത്താനും പ്രഥമാദ്ധ്യാപകർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുക്കേണ്ട സാഹചര്യമാണ്. വാർത്തയിൽ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉച്ചഭക്ഷണ പദ്ധതിയുടെ തുക അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കേന്ദ്ര ഫണ്ട് ലഭിച്ചെങ്കിലും സംസ്ഥാന വിഹിതം ലഭിക്കാതെ ഇതു വിനിയോഗിക്കാനാവത്ത സാഹചര്യമായിരുന്നു. തുടർന്നാണ് 34.49 കോടി സംസ്ഥാന വിഹിതമായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്. ഈ മാസം മുതൽ ട്രഷറി വഴി തുക അനുവദിക്കും. ബാങ്കിലൂടെയുള്ള വിതരണം കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് അവസാനിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |