SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

മൂർത്തി മടങ്ങുന്നു ,യാത്ര പറയാതെ

s

എന്തുകൊണ്ടാണ് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി തുടങ്ങിയത്?

സൂര്യക്ക് നാൽപ്പത് വയസായപ്പോൾ കൃഷ്ണമൂർത്തിയോട് ചോദിച്ചു. ദൈവത്തിന്റെ ആജ്ഞയാണെന്നായിരുന്നു മറുപടി. ഉടൻ മൂർത്തി തിരിച്ചൊരു ചോദ്യം ചോദിച്ചു. സൂര്യയുടെ ആശയം ഉദയം കൊണ്ടത് എവിടെയാണെന്നറിയാമോ...? ' നമ്മൾ ഇപ്പോഴിരുന്ന് സംസാരിക്കുന്ന കേരളകൗമുദി ഓഫീസിൽ. ' ഓരോ തവണ കേരളകൗമുദിയിൽ വരുമ്പോഴും തനിക്കാ ഗൃഹാതുരത്വം തോന്നാറുണ്ടെന്ന്

അഭിമാനത്തോടെ അദ്ദേഹം പറയുമായിരുന്നു .

നല്ല സിനിമ കാണാനും , തലസ്ഥാനവാസികൾക്ക് അത് ആസ്വദിക്കാൻ അവസരമൊരുക്കാനും തുടങ്ങിയ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി കേരളത്തിന് പുതിയൊരു ചലച്ചിത്രാവബോധവും സംഗീതാവബോധവും സമ്മാനിച്ചു.സംഘാടകൻ മാത്രമല്ല മികച്ച കലാകാരനുമായിരുന്നു സൂര്യ കൃഷ്ണമൂർത്തി.

ഒരാഴ്ചത്തെ ഫെസ്റ്റിവലായി ആരംഭിച്ച്, ഒരു മാസമായി പിന്നീട് ഒരു വർഷം നീണ്ടു നിൽക്കുന്ന നൃത്ത,സിനിമ, സംഗീത കലോത്സവമായി സൂര്യഫെസ്റ്റിവൽ മാറി. ലോകത്ത് മറ്റെങ്ങുംഇതുപോലൊരു കലാമേള കാണാൻ കഴിയില്ല. സൂര്യയുടെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത് അഭിമാനമായി കലാകാരൻമാർ കണ്ടു. മലയാളി സ്വപ്ന തുല്യരായി കണ്ട കലാകാരൻമാരെ ഓരോരുത്തരെയും മൂർത്തി സൂര്യയുടെ വേദിയിലെത്തിച്ചു.അതുല്യ സംഗീതജ്ഞരായ എം.എസ്.സുബ്ബുലക്ഷ്മി, പണ്ഡിറ്റ് രവിശങ്കർ, ബിസ്മില്ലാഖാൻ,മല്ലികാർജ്ജുൻ മൻസൂർ. ഭീംസെൻ ജോഷി,ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ജസ് രാജ്, ഉസ്താദ് അംജദ് അലിഖാൻ,തുടങ്ങിയ അതുല്യ പ്രതിഭകൾ.നൃത്ത ലോകത്താകട്ടെ സോണാൽ മാൻസിംഗ്, യാമിനി കൃഷ്ണമൂർത്തി, അലർമേൽ വള്ളി, ചിത്ര വിശ്വേശ്വരൻ,പദ്മാ സുബ്രഹ്മണ്യം,ബിർജു മഹാരാജ്, കേളു ചരൺ മൊഹാപത്ര ,പ്രോതിമ ബേദി ,മാളവിക സരൂക്കായ് തുടങ്ങിയ ഉന്നത ശീർഷർ .സത്യജിത് റേ മുതൽ അമിതാഭ് ബച്ചൻ വരെയുള്ള ചലച്ചിത്ര പ്രതിഭകൾ.

റേയെ സൂര്യയിൽ കൊണ്ടു വരികയെന്നത് മൂർത്തിയുടെ സ്വപ്നമായിരുന്നു. ഐ.എസ്.ആർ.ഓയിൽ എൻജിനീയറായിരിക്കെ

മൂർത്തി ഓഫീസ് ആവശ്യത്തിനായി കൽക്കട്ടയിൽ പോകുമായിരുന്നു.ഒരു തവണ പോയപ്പോൾ റേയുടെ വീട്ടിലെ ഫോൺ നമ്പർ ടെലഫോൺ ഡയറക്ടറി നോക്കി വിളിച്ചു. 'മേ ഐ സ്പീക്ക് ടു സത്യജിത് റേ' എന്നു ചോദിച്ചപ്പോൾ സെക്രട്ടറിയായിരിക്കും ഫോൺ എടുക്കുകയെന്നു കരുതി.എന്നാൽ 'സ്പീക്കിംഗ് ' എന്നാണ് പറഞ്ഞത്. റേയായിരുന്നു .കാണാൻ താത്പ്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ

'കം ഹോം' എന്നായിരുന്നു മറുപടി. വീട്ടിൽ ചെന്നപ്പോൾ റേയാണ് സ്വീകരിച്ചത്.താൻ വല്ലാതെ വികാരഭരിതനായിപ്പോയെന്ന് മൂർത്തി പറഞ്ഞു.റേയുടെ മുകളിലത്തെ നിലയിലേക്കുള്ള കൈവരിയിൽ തന്റെ കൈ ചേർത്ത് ഉരസിയാണ് കയറിപ്പോയത്. സംസാരിച്ചപ്പോൾ റേ മൂർത്തിയോട് ചോദിച്ചത് തന്റെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്നായിരുന്നു. പഥേർ പാഞ്ചലിയെന്നോ ചാരുലതയെന്നോ മറുപടി പ്രതീക്ഷിച്ച റേയ്ക്കു മുന്നിൽ മൂർത്തി പറഞ്ഞു. ജൽസാഘർ.... റേ ആശ്ചര്യപ്പെട്ടു. സ്വന്തം ചിത്രങ്ങളിൽ ഫേവറിറ്റ് അതെന്ന് റേയും പറ‌ഞ്ഞു.കേരളത്തിലേക്ക് റേയെ ക്ഷണിച്ച് തിരികെയിറങ്ങിയ മൂർത്തിയോട് മുകളിലത്തെ നിലയിൽ നിന്ന് റേ ചോദിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദേവി ' കണ്ടോയെന്ന്. ഇല്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും മുകളിലേക്ക് വിളിച്ച് ഒരു വിലാസം എഴുതി കൊടുത്തു.ദേവിയുടെ പ്രിന്റ് കളക്ട് ചെയ്ത് സൂര്യയിൽ കാണിച്ചശേഷം തിരികെ അയച്ചു നൽകിയാൽ മതിയെന്ന് റേ പറഞ്ഞപ്പോൾ മൂർത്തി അതിശയിച്ചുപോയി. ആദ്യമായി കാണുന്നയാളിനോട് ഇത്ര വിശ്വാസമോയെന്ന് ചിന്തിച്ചു.പിന്നീട് റേ തിരുവനന്തപുരത്ത് വന്നു. എയർപോർട്ടിൽ നിന്ന് നേരെ കേരളകൗമുദിയിലേക്ക്. സൂര്യയുടെ ക്ഷണം സ്വീകരിച്ചുള്ള ആ വരവ് മൂർത്തി ആഘോഷമാക്കി.ഒരേയൊരു തവണയെ റേ കേരളം സന്ദർശിച്ചിട്ടുള്ളു.അത് അന്നായിരുന്നു.

ലോക സംഗീത ദിനമായ ഒക്ടോബർ ഒന്നിനാണ് സൂര്യയുടെ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.യേശുദാസിന്റെ കച്ചേരിയോടെയായിരുന്നു തുടക്കം. കൊവിഡിനു ശേഷം യേശുദാസ് അമേരിക്കയിൽ നിന്ന് വരാതായതോടെയാണ് അതിനു മുടക്കമായത്. പക്ഷെ ഓരോ തവണയും മികച്ച രീതിയിൽ ഫെസ്റ്റിവൽ നടന്നു.

ചലച്ചിത്ര സൊസൈറ്റിയുടെ ഒരു സ്വീകരണ വേദിയിൽ വച്ചാണ് ഞാൻ ജ്യേഷ്ഠനെന്ന് എന്നും വിളിച്ച മൂർത്തിയെ അവസാനമായി കണ്ടത്.എത്രയെത്ര കലാകാരൻമാരെ നേരിൽ കാണാനും സംസാരിക്കാനും അഭിമുഖം ചെയ്യാനുമെല്ലാം അദ്ദേഹം അവസരമൊരുക്കി. വളരെ പെട്ടെന്നായിപ്പോയി ആ വേർപാട്. ഒന്നു യാത്ര പറയാൻ പോലുമാകാതെ... വീണ്ടും ഒക്ടോബർ വരുന്നു.സൂര്യയ്ക്കായി മൂർത്തി ഒരുക്കിയ വേദി 'ഗണേശം" മൂകമാകുന്നു.

വിട, പ്രിയപ്പെട്ടസൂര്യ കൃഷ്ണമൂർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOORYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA