SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.25 AM IST

പഞ്ചസാര സംഭരണത്തിന് നിയന്ത്രണം; സ്റ്റോക്ക് പരിധി പകുതിയാക്കി

a

ന്യൂഡൽഹി: പഞ്ചസാരവില കുതിച്ചുയർന്ന പശ്ചാത്തലത്തിൽ സംഭരണത്തിനും ഊഹക്കച്ചവടത്തിനുമെതിരെ നടപടി കടുപ്പിച്ച്

കേന്ദ്രസർക്കാർ. പഞ്ചസാര വ്യാപാരികൾക്ക് അനുവദിച്ചിരുന്ന പരമാവധി സ്റ്റോക്ക് പരിധി 4,000 ക്വിന്റലിൽ നിന്ന് 2,000 ക്വിന്റലായി കുറച്ചു. വ്യാപാരികൾക്ക് പഞ്ചസാര സ്‌റ്റോക്ക് 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെയാണ് പുതിയ നിയന്ത്രണം.

കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിതരണത്തിന്റെ പ്രധാന കേന്ദ്രമായ കൊൽക്കത്തയിലും മെട്രോപൊളിറ്റൻ മേഖലയിലും 4,000 ക്വിന്റൽ പരിധി തുടരും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പഞ്ചസാര എത്തിച്ച് ഇവിടെ സംഭരിച്ചാണ് വടക്കുകിഴക്കൻ മേഖലകളിലേക്ക് വിതരണം നടത്തുന്നത് എന്നതിനാലാണ് ഇളവ്.

പഞ്ചസാര മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അധിക സ്റ്റോക്ക്, സ്റ്റോക്ക് വെളിപ്പെടുത്താതിരിക്കൽ, പഞ്ചസാരയുടെ നീക്കത്തിലും വിൽപ്പനയിലും ക്രമക്കേടുകൾ എന്നിവ കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്.

സർക്കാർ നടപടികളുടെ ഫലമായി പഞ്ചസാരയുടെ മൊത്തക്കച്ചവട വിലയിൽ ഏകദേശം 20 ശതമാനം ഇടിവുണ്ടായതായി കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റീട്ടെയിൽ വിലയിലും ഇടിവ് തുടങ്ങിയെങ്കിലും അത് ഉപഭോക്താക്കളിലെത്താൻ സമയമെടുക്കും.

വിലക്കയറ്റം നിയന്ത്രിക്കാൻ നികുതിരഹിതമായി 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി അനുവദിച്ചതിനൊപ്പം സെപ്റ്റംബർ മുതൽ മില്ലുകൾക്ക് പഞ്ചസാര വിൽപ്പന ക്വാട്ട രണ്ടാഴ്ച അടിസ്ഥാനത്തിൽ നൽകുന്ന സംവിധാനവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA