SignIn
Kerala Kaumudi Online
Friday, 25 September 2026 1.33 AM IST

കലാസൂര്യന് നാടിന്റെ വിട സൂര്യ കൃഷ്ണമൂർത്തിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

READ ENGLISH VERSION
s

തിരുവനന്തപുരം: കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് 6.45ന് തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ മരുമകൻ ചന്ദൻകുമാർ ചിതയ്ക്ക് തീകൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

സൂര്യ കൃഷ്ണമൂർത്തിയുടെ കലാസപര്യയുടെ അടയാളമായ സൂര്യ ഗണേശത്തിൽ ഇന്നലെ രാവിലെ ഏഴുമുതൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സാമൂഹിക,​ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.


മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി.ജോൺ, സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പിമാരായ എ.എ.റഹീം, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, എം.എൽ.എമാരായ ജി.ആർ.അനിൽ, എം.വിൻസന്റ്, വി.മുരളീധരൻ, കെ.എൻ.ബാലഗോപാൽ, വി.ജോയ്, മേയർ വി.വി.രാജേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, മുരുകൻ കാട്ടാക്കട, ജോർജ്ജ് ഓണക്കൂർ, ടി.കെ.എ.നായർ, മുൻ ബിഷപ്പ് സൂസപാക്യം, നമ്പിനാരായണൻ, നടിമാരായ നവ്യനായർ, ലക്ഷ്മി ഗോപാലസ്വാമി, ആശാശരത്, രചന നാരായണൻകുട്ടി, ജലജ, കാർത്തിക, ചിപ്പി, നടന്മാരായ നന്ദു, മണിയൻപിള്ള രാജു, അലൻസിയർ, മധുപാൽ, കോൺഗ്രസ് നേതാവ് പാലോട് രവി, ചെറിയാൻ ഫിലിപ്പ്, കെ.എസ്.ശബരിനാഥൻ, പന്തളം സുധാകരൻ, എം.വിജയകുമാർ, വി.ശിവൻകുട്ടി, മുല്ലക്കര രത്‌നാകരൻ, വി.എസ്.ശിവകുമാർ, സംവിധായകൻ ജയരാജ്, രാജസേനൻ, നിർമ്മാതാവ് സുരേഷ് കുമാർ, ചിത്രകാരന്മാരായ കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, എസ്.എൻ.രഘുചന്ദ്രൻ നായർ, മുൻ കളക്ടർ ശ്രീനിവാസൻ, ദിവ്യ എസ്.അയ്യർ, കെ.വാസുകി, കെ.ഓമനക്കുട്ടി, ജി.വേണു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

കേരളകൗമുദിക്ക് വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

എല്ലാത്തിനും സാക്ഷിയായ 6.45

സൂര്യകൃഷ്ണമൂർത്തിയുടെ ഭൗതികദേഹം അഗ്‌നി നാളങ്ങൾ ഏറ്റുവാങ്ങിയ വൈകിട്ട് 6.45 എന്ന സമയത്തിന് അദ്ദേഹത്തിന്റെ കലാജീവിതവുമായി അടുത്തബന്ധമുണ്ട്. 111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യ നൃത്ത, സംഗീതോത്സവം കൃത്യം 6.45ന് തന്നെ ആരംഭിച്ചിരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കാണികൾ കുറഞ്ഞാലും ശരി, 6.45നു സൂര്യയുടെ പരിപാടി ആരംഭിച്ചിരിക്കും. ബുധനാഴ്ച സൂര്യ കൃഷ്ണമൂർത്തി ഈ ലോകത്തോട് വിട പറഞ്ഞതും അതേ സമയത്താണ് എന്നതും മറ്റൊരു യാദൃശ്ചികത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA