SignIn
Kerala Kaumudi Online
Sunday, 27 September 2026 1.53 AM IST

വീണ്ടും വിദർശ ഗാഥ

vidarsha

നഗോയ: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിത്തിളക്കവുമായി മലയാളി ഷൂട്ടർ വിദർശ കെ.വിനോദ്. ഇന്നലെ നടന്ന 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ അഷി ചൗക്സെ- തിലോത്തമ സെൻ എന്നിവർക്കൊപ്പമാണ് വെള്ളി മെഡലിൽ മുത്തമിട്ടത്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിളിൽ വെള്ളി നേടി ടീമിലും അംഗമായിരുന്നു.

ഷൂട്ടിംഗിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ. ഫൈനലിൽ 1763 പോയിന്റ് നേടിയാണ് വിദർശയടങ്ങുന്ന ഇന്ത്യൻ ടീം രണ്ടാമതെത്തിയത്. 1773 പോയിന്റ് നേടി ഏഷ്യൻ റെക്കാഡിനൊപ്പമെത്തിയ ചൈനീസ് ടീമിനാണ് സ്വർണം. വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും തിലോത്തമ നാലാമതായും വിദർശ അഞ്ചാമതായുമാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഈ ഗെയിംസിലെ വിദർശയുടെ മത്സരങ്ങൾ അവസാനിച്ചു.

60 ലക്ഷം സമ്മാനം

ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകൾക്ക് കേരളം സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുകയായ 60 ലക്ഷം രൂപ വിദർശയ്ക്ക് ലഭിക്കും. സ്വർണമെഡലിന് 50 ലക്ഷവും വെള്ളിമെഡലിന് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദർശയ്ക്ക് ജോലി നൽകുന്നകാര്യം പരിഗണിക്കുമെന്ന് ആദ്യ മെഡൽ നേടിയപ്പോൾ കായികമന്ത്രി ഒ.ജെ.ജനീഷ് പറഞ്ഞിരുന്നു.

സ്വപ്ന നേട്ടമാണ് മകൾ നേടിയത്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. സ്വർണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവൾ ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ മകളോടു നിറുത്താൻ വരെ പറഞ്ഞിട്ടുണ്ട്. പക്ഷേ അവൾ സ്വപ്നത്തിന് പിന്നാലെയായിരുന്നു. ലോൺ എടുത്ത് തോക്ക് വാങ്ങിനൽകി. സ്ഥലം വിറ്റ് എല്ലാ സൗകര്യങ്ങളും പരിശീലനങ്ങളും നൽകി. ഇനിയും അത് തുടരും.

- വിനോദ്, വിദർശയുടെ പിതാവ്

കബഡിയിൽ ഇരട്ടപ്പൊന്ന്

  • ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യൻ പുരുഷ- വനിതാ ടീമുകൾ കബഡിയിൽ സ്വർണം നേടി. ഇരുടീമുകളും ഫൈനലിൽ ഇറാനെയാണ് തോൽപ്പിച്ചത്.
  • 44 വർഷത്തിന് ശേഷം സാവൻ ബർവാളിലൂടെ ഇന്ത്യ ഏഷ്യൻ ഗെയിംസ് മാരത്തോണിൽ ഒരു മെഡൽ നേടി. വെള്ളിയാണ് സാവൻ സ്വന്തമാക്കിയത്.
  • അത്‌ലറ്റിക്സിൽ പുരുഷ ഷോട്ട്പുട്ടിൽ തജീന്ദർ വെള്ളിയും വനിതകളുടെ 400 മീറ്ററിൽ പ്രാചി വെങ്കലവും നേടി.
  • സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ- സെന്തിൽ കുമാർ സഖ്യം മിക്സഡ് ഡബിൾസ് സെമിയിൽ തോറ്റ് വെങ്കലം നേടി. സിംഗിൾസുകളിൽ അനാഹത്ത് സിംഗും അഭയ് സിംഗും ഫൈനലിലെത്തി.
  • നാലു സ്വർണവും 12 വെള്ളിയും 14 വെങ്കലങ്ങളും ഉൾപ്പെടെ 30 മെഡലുകളുമായി ഇന്ത്യ പത്താം സ്ഥാനത്ത്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDARSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA