
തിരുവനന്തപുരം: ആർജിത നേട്ടങ്ങളെ അഭിമാനപൂർവം ഉയർത്തിപ്പിടിച്ച് മലയാളികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റിവൽ ഒഫ് കേരളത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് പ്രകൃതി ഭംഗി കൊണ്ടുമാത്രമല്ല, മലയാളികളുടെ സഹവർത്തിത്വവും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ഭരണഭാഷാ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. കേരളം എന്ന സങ്കല്പം 1956ൽ ഉണ്ടായതല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി സി.പി.ജോൺ പറഞ്ഞു. 'കേരളകൗമുദി' ഉൾപ്പെടെയുള്ള പത്രങ്ങൾ അതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി. പ്രതിസന്ധിയിൽ പരസ്പരം താങ്ങും തണലുമാവുക എന്നത് മലയാളിയുടെ പ്രത്യേകതയാണെന്ന് വിശിഷ്ടാതിഥിയായിരുന്ന നടൻ ടൊവിനോ തോമസ് പറഞ്ഞു. ബി.പി.പി.ആർ പോർട്ടലിന്റെ ലോഞ്ചിംഗും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന സമകാലിക ജനപഥത്തിന്റെ പ്രത്യേക ഭാഷാ പതിപ്പിന്റെ പ്രകാശനവും മന്ത്രി വിഷ്ണുനാഥ് നിർവഹിച്ചു. ഭരണഭാഷാ പുരസ്‌കാരങ്ങൾ മന്ത്രി സി.പി.ജോണും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വിതരണം ചെയ്തു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോക്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |