
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സി.പി.എം. വി.സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഭിന്നത ഉണ്ടായിട്ടില്ലെന്നാണ് പാർട്ടിയുടെ വിശദീകരണം. സമവായത്തിന് മുൻകൈ എടുത്തത് ഗവർണറാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വി.സി നിയമനത്തിൽ സി.പി.എമ്മിൽ വിമർശനമുണ്ടായി എന്ന ആരോപണങ്ങൾ തള്ളിയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയാണ് ചെയ്തത്. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായ വ്യത്യാസമുണ്ടായി എന്ന് പ്രചരിപ്പിക്കാനാണ് മാദ്ധ്യമങ്ങളുടെ ശ്രമമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. കേരള ഡിജിറ്റൽ സർവ്വകലാശാല, കേരള സാങ്കേതിക സർവ്വകലാശാല എന്നിവിടങ്ങളിൽ താൽക്കാലിക വൈസ് ചാൻസിലറെ നിശ്ചയിക്കുന്നതിന് സർക്കാരിന്റെ അഭിപ്രായം ചാൻസിലറായ ഗവർണ്ണർ തേടേണ്ടതാണെന്ന് ഈ സർവ്വകലാശാലകളിലെ ആക്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി താൽക്കാലിക വൈസ് ചാൻസിലർമാരെ ചാൻസിലറായ ഗവർണ്ണർ നിയമിക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും സർക്കാർ നിലപാടിനെ അംഗീകരിച്ചു. ഇതിനെതിരെ ചാൻസിലറായ ഗവർണ്ണർ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
നിലവിലുള്ള നിയമമനുസരിച്ച് സ്ഥിരം വിസിയെ നിയമിക്കാനുള്ള പൂർണ്ണമായ അധികാരം ചാൻസിലർക്കാണ്. എന്നാൽ, സുപ്രീം കോടതി സമവായമുണ്ടാക്കാൻ ഗവർണ്ണറോടും, സർക്കാരിനോടും നിർദ്ദേശിച്ചു. വൈസ് ചാൻസിലർമാരെ തീരുമാനിക്കാനുള്ള പാനൽ തയ്യാറാക്കുന്നതിന് സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റിയും സുപ്രീം കോടതി നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന് അംഗ പട്ടികകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇതിൽ കോടതി നിർദ്ദേശ പ്രകാരം മുൻഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ചാൻസിലറായ ഗവർണ്ണർക്ക് സമർപ്പിച്ചു. എന്നാൽ, ഗവർണ്ണർ ഇത് അംഗീകരിക്കാതെ വിയോജിപ്പ് രേഖപ്പെടുത്തി മറ്റ് രണ്ട് പേരുകൾ സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ചു. ഗവർണ്ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ സമവായമുണ്ടാക്കണമെന്ന് സുപ്രീം കോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിന് തയ്യാറാവാതിരുന്ന ഗവർണ്ണർ കോടതി നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച് സമവായത്തിലെത്തുകയായിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളത്.
വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന അംഗീകരിക്കുകയാണ് ചെയ്തത്. എന്നിട്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഇത്തരം കള്ളപ്രചാരവേലകളെ തള്ളിക്കളയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |