SignIn
Kerala Kaumudi Online
Thursday, 25 June 2026 9.14 AM IST

തളിപ്പറമ്പ്  സീറ്റിലും സി.പി.എം  കലാപം, എം.വി.ഗോവിന്ദന്റെ ഭാര്യയ്ക്കെതിരെ ടി.കെ. ഗോവിന്ദൻ

READ ENGLISH VERSION
govidan


 മുഖ്യമന്ത്രിക്ക് എതിരെയും ഒളിയമ്പ്

കണ്ണൂർ/ തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം സ്ഥാനാർത്ഥികളെ രംഗത്തിറക്കി തലയെടുപ്പോടെ നിന്ന സി.പി.എമ്മിന് കണ്ണൂരിൽ ഉൾപ്പെടെ മാരക പ്രഹരം. ഒമ്പതു വർഷമായി ജില്ല സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായ ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയ്ക്ക് എതിരെ മത്സരിക്കുന്നു. പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടാണ് കഠിന നീക്കം. പാർട്ടിയുടെ മറ്റൊരു കോട്ടയായ ആലപ്പുഴയിൽ ജി. സുധാകരൻ ഉയർത്തിയ പ്രതിരോധത്തിനു പിന്നാലെയാണിത്. കണ്ണൂരിൽ വേറെയും പ്രതിരോധം നിലനിൽക്കെയാണിത്. യു.ഡി.എഫ് പിന്തുണച്ചാൽ സ്വീകരിക്കുമെന്ന് ടി.കെ. ഗോവിന്ദൻ തുറന്നുപറഞ്ഞു.

അമ്പലപ്പുഴക്കൊപ്പം കണ്ണൂരിലും സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയരുകയാണ്.

മൂന്നു തവണ തളിപ്പറമ്പിൽ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ നാലാം തവണ സീറ്റ് ഭാര്യയ്ക്ക് നൽകിയതാണ് തളിപ്പറമ്പിൽ പ്രകോപനമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം എങ്ങനെ അംഗീകരിച്ചു കൊടുക്കുന്നുവെന്ന വിമർശനവും അതീവ ശക്തമാണ്.

ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ജില്ലാക്കമ്മിറ്റി യോഗത്തിലും മണ്ഡലം കമ്മിറ്റിയിലും മൂന്നു പേർ ഒഴികെ ബാക്കി എല്ലാവരും രൂക്ഷമായ വിമർശനം ഉന്നയിച്ചു. യോഗത്തിൽ എം.വി. ഗോവിന്ദൻ സന്നിഹിതനായിരുന്നു. ഭാര്യയെ സ്ഥാനാർത്ഥിയാക്കരുതെന്ന് അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടു.

പക്ഷേ, ശ്യാമളയ്ക്ക് പകരം ജില്ല സെക്രട്ടേറിയറ്റ് പരിഗണിച്ച എൻ. സുകന്യ ഉൾപ്പെടെ ആരുടെയും പേര് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അയച്ചില്ല. ഒടുവിൽ ശ്യാമളയുടെ പേര് മാത്രം മേൽകമ്മിറ്റിക്ക് കൈമാറിയതോടെ അത് അംഗീകരിച്ചെന്നും ടി.കെ. ഗോവിന്ദൻ വെളിപ്പെടുത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി അഴിമതിയും സ്വജന പക്ഷപാതവും കാട്ടുകയാണെന്ന് തുറന്നടിച്ചു.

രാഷ്ട്രീയ ചുഴിയിൽ മുന്നണികൾ

തിരുവനന്തപുരം: അപ്രതീക്ഷിത ചുഴയിൽപ്പെട്ട് വട്ടം കറങ്ങുന്ന അവസ്ഥയിലായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. മൂന്നു മുന്നണികളും അതിന്റെ ആന്തോളനമുണ്ട്. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയിൽ ജി. സുധാകരനും സി.പി.എം നേതൃത്വത്തിന് എതിരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി രംഗത്ത് വന്നിരിക്കുന്നത്.അതിന്റെ ആഘാതം ആ മണ്ഡലങ്ങളിൽ ഒതുങ്ങില്ല.

സി.പി.എം വിട്ടുവരുന്നവർക്ക് മണ്ഡലങ്ങൾ വിട്ടുകൊടുക്കേണ്ടിവരുന്നത് കോൺഗ്രസ് നേതൃത്വത്തിന് ആവേശം പകരുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിമോഹികൾ അസംതൃപ്തരാവുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണച്ചതിന്റെ പേരിൽ

കെ.പി.സി.സി ജനറൽ സെക്രട്ടറി രാജിവച്ചു. ഐഷാപോറ്റിയും പി.കെ.ശശിയുമൊക്കെ സി.പി.എം വിട്ടുവരുമ്പോൾ മൂവർണ കൊടിചുമലിലേറ്റിയ ചിലർ തഴയപ്പെടുന്നു.

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്ഥാനാർത്ഥിയാവാൻ നിൽക്കുന്ന മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ എങ്ങനെ മെരുക്കുമെന്ന് കണ്ടറിയണം. യു.ഡി.എഫിന്റെ ആവേശം ചോർന്നുപോകുന്ന പ്രതിസന്ധിയും രൂപപ്പെട്ടിട്ടിണ്ട്. ഇന്നു നടക്കേണ്ടിയിരുന്ന സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഒരു ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നതുപോലും പടലപിണക്കം കാരണമാണ്.

ബി.ജെ.പി 47 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 10 ൽ താഴെയായി. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ , കായംകുളം തുടങ്ങിയ മണ്ഡലങ്ങളിൽ തർക്കം ബാക്കിയാണ്. ബി.ഡി.ജെ.എസുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ശേഷം മാത്രമേ എൻ.ഡി.എയുടെ പ്രാതിനിധ്യ സ്വഭാവം വെളിവാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA