ആലപ്പുഴ: തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി നായകൾക്കുള്ള വാക്സിനേഷൻ നടപടികളും വന്ധ്യംകരണ പ്രവർത്തനങ്ങളും ആരംഭിക്കുവാൻ മന്ത്രി എം.ലിജു നിർദ്ദേശം നൽകി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക ആക്ഷൻ ടീം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കായംകുളത്ത് തുടർച്ചയായ തെരുവുനായ ആക്രമണങ്ങളിൽ നാലുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ളവർക്ക് സാരമായി പരിക്കേറ്റിരുന്നു,
കായംകുളം ഐക്യജംഗ്ഷനിലും പുല്ലുകുളങ്ങര ഭാഗത്തുമായിരുന്നു തെരുവു നായയുടെ ആക്രമണം. ചൊവ്വാഴ്ച പുല്ലുകുളങ്ങര ഭാഗത്ത് നായയുടെ കടിയേറ്റ നാലുമാസം പ്രായമുള്ള കുട്ടിക്ക് കായംകുളം താലൂക്ക് ആശുപത്രിയിൽ ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം, വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ.ബി.സി സെന്ററിന് സ്ഥലം വേണം
ജനവാസംകുറഞ്ഞ മേഖലകളിൽ കുറഞ്ഞത് 25 സെന്റ് സ്ഥലമെങ്കിലും എ.ബി.സി സെന്ററുകൾ പ്രവർത്തിക്കാൻ ആവശ്യമാണ്. ഇത്രയും സ്ഥലം കണ്ടെത്തുക എന്നത് തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. നിർമ്മാണം പൂർത്തിയായി കിടക്കുന്ന ആലപ്പുഴ നഗരത്തിലെ എ.ബി.സി സെന്ററിൽ ഡോക്ടറുടെ തസ്തികയിൽ നിയമനമായിട്ടില്ല. നിയമനം കഴിഞ്ഞാലും സെന്റർ പ്രവർത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളാണ് വെല്ലുവിളി ഉയർത്തുന്നത്.
തുടർ നടപടികളിലൂടെ പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റും. അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുമായി സംസാരിച്ചു- മന്ത്രി എം. ലിജു
കായംകുളത്ത് പരിക്കേറ്റ 15 പേർക്കും ആവശ്യമായ എല്ലാചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയും നിലവിൽ നൽകുന്ന ചികിത്സാ സൗകര്യങ്ങളും വിലയിരുത്തുന്നുണ്ട്
- ഡി.എം.ഒ
തദ്ദേശസ്ഥാപനങ്ങളിൽ അടിയന്തരമായി എ.ബി.സി സെന്ററുകൾ ആരംഭിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കും
-എസ്.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |