
ആലപ്പുഴ : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസം പുലർച്ചെ ജില്ലാക്‌കോടതി വാർഡിൽ താഴ്ന്നുകിടന്ന കേബിൽ കുരുക്കിൽപ്പെടാതെ പത്രവിതരണക്കാരൻ രക്ഷപെട്ടത് തലനാരിഴക്കാണ്. പുലർച്ചെ വാർഡിലെ മഠം റോഡ് തെക്കേ അറ്റത്ത് വലിയൊരു കേബിൾ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയത്താണ് പത്രവിതരണക്കാരൻ ഇരുചക്രവാഹനത്തിൽ ഈ വഴി വന്നത്. വഴിനീളെ വലിഞ്ഞുതൂങ്ങിയും മുറിഞ്ഞും വളച്ചുകെട്ടിയും കുറുകെ കിടക്കുന്ന കേബിളുകൾ പൊതുജനങ്ങളുടെ ജീവന് വെല്ലുവിളിയാവുകയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ നിരന്തരം പരാതി ഉന്നയിച്ചിട്ടും പ്രശ്നപരിഹാരമുണ്ടായിട്ടില്ല. അപകടസാദ്ധ്യത കണ്ട് വഴിയാത്രക്കാർ കെ.എസ്.ഇ.ബിയെ വിളിക്കുമ്പോൾ, ഇന്റർനെറ്റ് കേബിളുകാരെ വിളിക്കാനാണ് അവർ നിർദേശിക്‌കുന്നത്.
പരാതി നൽകിയിട്ടും നടപടിയില്ല
വൈദ്യുതി പോസ്റ്റുകളിലൂടെയാണ് കേബിളുകൾ ഭൂരിഭാഗവും വലിച്ചിരിക്കുന്നത്.
പൊട്ടി തൂങ്ങിക്കിടക്കുന്നത് വൈദ്യുതി ലൈനാണോ ഇന്റർനെറ്റ് കേബിളാണോയെന്ന് തിരിച്ചറിയാനാകുന്നില്ല.
കോടതിയും മനുഷ്യാവകാശ കമ്മിഷനും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ഉദ്യോഗസ്ഥർക്ക് യാതൊരു കുലുക്കവുമില്ല.
നിരത്തുകളിൽ ഇത്തരം അപകടങ്ങൾ പതിവായിട്ടും അധികൃതർ നിസ്സംഗത തുടരുകയാണ്. കേബിൾ പ്രശ്നം നിസ്സാരവത്ക്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അധികൃതർ ഇച്ഛാശക്തിയോടെ വിചാരിച്ചാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാനാകും
- തോമസ് മത്തായി കരിക്കംപള്ളിൽ,
പ്രസിഡന്റ്, തത്തംപള്ളി റസിഡൻസ്
അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |