
ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നത് ഓണക്കാല കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. പാലത്തിന്റെ നിർമ്മാണം കാരണം കഴിഞ്ഞ ഓണം, ക്രിസ്മസ്, ചിറപ്പ്, വിഷു, പെരുന്നാൾ കച്ചവടങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മുല്ലയ്ക്കൽ ചിറപ്പിന് വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന്, രണ്ട് തുരുത്തുകൾ പോലെ വേർപെട്ട ഇരുകരകളെയും ബന്ധിപ്പിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു. എന്നാൽ, ഇത്തവണത്തെ ഓണക്കാലത്ത് സമാനമായ താത്കാലിക ഗതാഗത സംവിധാനമോ, ബദൽ ക്രമീകരണങ്ങളോ ഒരുക്കുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നും
ഓണക്കാല കച്ചവടം 30 ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലെ ആദ്യ പത്ത് പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ മുല്ലയ്ക്കൽ തെരുവിൽ ഓണക്കാലത്ത് വലിയ തിരക്കും കച്ചവടവും നടക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ഒരുവർഷം മുതൽ കച്ചവടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ മാറിയ ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ അകാരണമായി വൈകുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.
എം.എൽ.എ ഇടപെടണം
# ജില്ലാക്കോടതിപ്പാലത്തിന്റെ നിർമ്മാണം തിരഞ്ഞെടുപ്പിന് ശേഷം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഇത് വേഗത്തിലാക്കാണമെന്നും നഗരത്തിലെ വ്യാപാരികൾ ആവശ്യപ്പെട്ടു
# നിർമ്മാണം വൈകുന്നതിനാൽ എ.ഡി. തോമസ് എം.എൽ.എ അടിയന്തരമായി ഇടപെട്ട് പ്രവർത്തനം വേഗത്തിലാക്കാണം
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷം വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് വ്യാപാരി സമൂഹത്തെ കാര്യമായി ബാധിക്കും
അടുത്ത മുല്ലക്കൽ ചിറപ്പിന് മുമ്പായി പാലം പണി പൂർത്തിയാക്കണമെന്നതാണ്
വ്യാപാരികളുടെ ആവശ്യം
ഒരു അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും
ജില്ലാകോടതിപ്പാലം നിർമ്മാണം കാരണം വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജോലികൾ വൈകുന്നതിൽ എം.എൽ.എയുടെ കർശന ഇടപെടൽ വേണം. ചിറപ്പിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകണം
-പ്രവീൺ രാമഭദ്രൻ,
ജില്ലാ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |