SignIn
Kerala Kaumudi Online
Thursday, 28 May 2026 12.33 AM IST

ഫോർട്ട്കൊച്ചി അഴിമുഖത്ത് ബോട്ട് സർവീസ് പുനരാരംഭിക്കണം

1

ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ബോട്ടുയാത്ര പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. റോ-റോ സർവീസിലെ തടസങ്ങൾക്കും യാത്രാദുരിതത്തിനും പരിഹാരമായി ഉടൻ ബോട്ട് സർവീസ് ആരംഭിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അരനൂറ്റാണ്ടിലേറെ കാലം സർവീസ് നടത്തിയിരുന്ന യാത്രാ ബോട്ട് സർവീസാണ് നഗരസഭ - കിൻകോ അധികൃതർ നഷ്ടത്തിന്റെ മറവിൽ നിറുത്തലാക്കിയത്.

കൊച്ചി നഗരസഭ നാലണ നിരക്കിൽ തുടങ്ങിയ ബോട്ട് സർവീസ് ഒന്നര രൂപാ നിരക്കിൽ നടത്തവേ, 2018ലാണ് റോ-റോ കൈമാറ്റ കരാറിലൂടെ കിൻകോയ്ക്ക് കൈമാറിയത്. തുടർന്ന് നിരക്ക് വർദ്ധനയും നടത്തി. നഷ്ടത്തിന്റെ പേരുപറഞ്ഞ് 2022ൽ സർവീസ് നിറുത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുനരാരംഭിച്ചു. എന്നാൽ 2023ൽ കിൻകോ സ്വയം ബോട്ട് സർവീസ് നിർത്തലാക്കുകയായിരുന്നു. ഇടതുപക്ഷ നേതൃത്വത്തിലുള്ള നഗരസഭാ ഭരണകൂടം വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. രണ്ട് റോ-റോകൾക്കൊപ്പം ബോട്ട് സർവീസും നടത്തണമെന്ന കരാർ വ്യവസ്ഥ ലംഘിച്ചിട്ടും നഗരസഭ നടപടിയെടുത്തില്ല.

കടുത്ത യാത്രാക്ലേശം

ബോട്ട് അറ്റകുറ്റപ്പണി നടത്താതെയും ഫിറ്റ്നസ് രേഖ, ലൈസൻസ്, ഇൻഷുറൻസ് എന്നിവയ്ക്കുള്ള നടപടികളെടുക്കാതെയും നിരന്തരം അവഗണിച്ചാണ് ബോട്ട് സർവീസ് നിറുത്താൻ ഇടയാക്കിയത്. ഇതോടെ അഴിമുഖ യാത്ര ദുരിതപൂർണവും അപകടകരവുമായി മാറി. ഫോർട്ട്കൊച്ചി - വൈപ്പിൻ യാത്രാ ബോട്ട് സർവീസ് കാര്യക്ഷമമായി നടത്തണമെന്നും സർവീസ് നിറുത്തലാക്കരുതെന്നും ജനകീയ ആവശ്യമുയർന്നിട്ടുണ്ട്. രണ്ട് റോ-റോ വെസലുകളിൽ ഒന്ന് തകരാറിലായതോടെ കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. സാധാരണക്കാരും വാഹനങ്ങളില്ലാതെ വരുന്ന യാത്രക്കാരും റോ-റോയിൽ വെയിലും മഴയുമേറ്റാണ് മറുകര പറ്റുന്നത്.

നഷ്ടക്കണക്ക് പറഞ്ഞ് സർവീസ് നിറുത്തി

നേരത്തെ കൊച്ചി നഗരസഭ സർവീസ് നടത്തിയിരുന്നപ്പോഴും അതിനുശേഷം സ്വകാര്യ സ്ഥാപനത്തിന് നടത്തിപ്പ് ചുമതല നൽകിയപ്പോഴും രണ്ട് ജങ്കാറുകളോടൊപ്പം രണ്ട് ബോട്ടുകളും സർവീസ് നടത്തിയിരുന്നു. അന്ന് ലക്ഷങ്ങൾ ലാഭവിഹിതമായി നഗരസഭയ്ക്ക് ലഭിച്ചിരുന്നു. ബോട്ടും റോ-റോ സർവീസും പൊതുമേഖലാ സ്ഥാപനമായ കിൻകോയ്ക്ക് നൽകിയതോടെയാണ് നഷ്ടക്കണക്ക് പറഞ്ഞ് ബോട്ട് സർവീസ് നിറുത്തിയത്.

നാട്ടുകാരും ജീവനക്കാരും വിദ്യാർത്ഥികളുമടക്കം ആയിരത്തിലേറെ പേരാണ് നിത്യവും അഴിമുഖ യാത്ര നടത്തുന്നത്. ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിക്കുന്ന നഗരസഭ, കിൻകോ അധികൃതർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ജനകീയ സംഘടനകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL