കോതമംഗലം: അമ്പലംപടി-വീട്ടൂർ എം.എൽ.എ റോഡിലെ ഈസ്റ്റ് മുളവൂർ തൈക്കാവുംപടി മുതൽ അമ്പലംപടി വരെയുള്ള ഭാഗം തകർന്ന് യാത്രക്കാർ ദുരിതത്തിലായി. റോഡിലെ വൻകുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് പതിവാകുകയാണ്. മൂവാറ്റുപുഴ മണ്ഡലത്തിലെ മൂന്നു കിലോമീറ്റർ ഭാഗം ബി.എം. ബി.സി. നിലവാരത്തിൽ നവീകരിച്ചപ്പോൾ കോതമംഗലം മണ്ഡലത്തിൽപ്പെട്ട ഒരു കിലോമീറ്റർ ഭാഗമാണ് അവഗണനയിൽ തകർന്നു കിടക്കുന്നത്.
മഴവെള്ളം നിറയുന്ന കുഴികളുടെ ആഴമറിയാതെ വീണ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രികാലങ്ങളിൽ അപകടസാദ്ധ്യതയേറെയാണ്. കുഴികൾ വെട്ടിച്ചുമാറ്റുന്ന വലിയ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മുളവൂരിൽ നിന്ന് കോതമംഗലത്തേക്ക് എളുപ്പത്തിൽ എത്താനുമുള്ള പ്രധാന പാതയാണിത്.
റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടയ്ക്കാനോ റീടാറിംഗ് നടത്താനോ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അധികൃതർ നിസംഗത തുടരുകയാണെന്നും റോഡ് അടിയന്തരമായി പുനരുദ്ധരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |