SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.08 AM IST

അങ്കണവാടിയിലെ ലൈംഗികാതിക്രമം; ടീച്ചറുടെ മകൻ പൊലീസ് പിടിയിൽ

anganavadi
കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

കൊച്ചി: മൂന്നരവയസുകാരി അങ്കണവാടിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഇരുപതുകാരൻ പൊലീസ് പിടിയിലായി. അങ്കണവാടി ടീച്ചറുടെ മകനാണ്. കേസെടുത്തതിന് പിന്നാലെ മുങ്ങിയ ഇയാൾ ഇന്നലെ വൈകിട്ടോടെയാണ് വലയിലായത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം.

കേരളകൗമുദി പുറത്തുകൊണ്ടുവന്ന വാർത്തയ്ക്ക് പിന്നാലെ അങ്കണവാടിയിലെ വർക്കറെ അടിയന്തരമായി സർവീസിൽനിന്ന് നീക്കംചെയ്യാൻ വനിതാശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശം പാലിക്കാത്തതിനാണ് നടപടി. കുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോഴാണ് മാതാപിതാക്കൾക്ക് സംശയംതോന്നിയത്. മകളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് യുവാവ് രഹസ്യഭാഗത്ത് സ്പർശിച്ച വിവരം തുറന്നുപറഞ്ഞത്. ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയും (സി.ഡബ്ല്യു.സി) അറിയിച്ചു.

ടീച്ചറുടെ മകൻ അങ്കണവാടിയിൽ ഇടയ്ക്കിടെ വരാറുണ്ടെന്നും കുട്ടികളെ താലോലിക്കാറുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ രഹസ്യഭാഗത്തെ പരിക്ക് സാരമുള്ളതല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. അങ്കണവാടിയിൽ കുട്ടിക്ക് ദുരനുഭവമുണ്ടായത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

* അങ്കണവാടിയിൽ പരിശോധന ഇന്ന്
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐ.സി.പി.എസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ ഇന്ന് അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. റിപ്പോർട്ട് അടിയന്തരമായി നൽകണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL