കൊച്ചി: അങ്കമാലിയിൽ ലഹരിവിരുദ്ധ പ്രവർത്തനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ലഹരിമാഫിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ശനിയാഴ്ച രാത്രി പുളിയനം കൽക്കുരിശ് ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്.
ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആർ. രാഹുൽ രാജു, സെക്രട്ടറി ജെ. ജിതിൻ ജോസ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം.കെ. മിഥുൻ, എം.കെ. നിധിൻ, മുൻ യൂണിറ്റ് സെക്രട്ടറി എസ്. സലിംകുമാർ എന്നിവർക്ക് നേരെയാണ് അക്രമികൾ വടിവാൾ വീശിയത്. യൂണിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരുടെ കണ്ണിലേക്ക് പെപ്പർസ്‌പ്രേ അടിച്ച ശേഷമായിരുന്നു ആക്രമണം. കഞ്ചാവ് മാഫിയക്കെതിരെ നിലപാടെടുക്കുകയും ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.
പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്. സതീഷ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റവർ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |