
കൊച്ചി: ജില്ലയിലെ റെയിൽവേ പാളങ്ങൾ ചോരക്കളങ്ങളാകുന്നു. കാൽനടയാത്രക്കാരുടെ കടുത്ത അശ്രദ്ധയും വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണതയും കാരണം പാളത്തിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ഞെട്ടിക്കുന്ന രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞദിവസം രണ്ടുപേരാണ് ട്രെയിൻ തട്ടി മരിച്ചത്. തൃശൂർ വടക്കുംചേരി സ്വദേശി മുനീഷ് (44) ആണ് ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കളമശേരിയിൽ വച്ചാണ് മുനീഷിനെ ട്രെയിൻ തട്ടിയത്. കളമശേരിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടപ്പള്ളി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പരിസരത്താണ് തിരിച്ചറിയാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടമെന്നാണ് കരുതുന്നത്. കളമശേരി, എളമക്കര പൊലീസ് സ്റ്റേഷനുകളിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
നഗരപരിധിക്കുള്ളിലാണ് ദുരന്തങ്ങളിലേറെയും സംഭവിക്കുന്നതെന്നത് സ്ഥിതിഗതികളുടെ തീവ്രത വർദ്ധിപ്പിക്കുന്നു. സുരക്ഷാ മുന്നറിയിപ്പുകളും സംവിധാനങ്ങളും അവഗണിച്ചുള്ള യാത്രക്കാരുടെ അനാസ്ഥയാണ് അപകടങ്ങളിൽ ഭൂരിഭാഗത്തിനും വഴിവയ്‌ക്കുന്നതെന്ന് അധികൃതർ പറയുന്നു. നിരവധി പേരാണ് പ്രതിദിനം അപകടങ്ങളിൽപ്പെട്ട് മരിക്കുകയോ ആശുപത്രിയിലാവുകയോ ചെയ്യുന്നത്.
പാളം കടക്കൽ കുറ്റകരം
അനധികൃതമായി പാളം മുറിച്ചുകടക്കുന്നത് ആറുമാസം തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രധാന കേന്ദ്രങ്ങളിൽ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് റെയിൽവേ പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സഹകരണമില്ലായ്മ തിരിച്ചടിയാകുന്നു.
മരണമേഖലയായി കളമശേരി
ജില്ലയിലെ ഏറ്റവും വലിയ റെയിൽ അപകട ഹോട്ട്‌സ്‌പോട്ടായി കളമശേരി മാറി. എച്ച്.എം.ടി ജംഗ്ഷൻ, സൗത്ത് കളമശേരി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടേക്കുന്നം എന്നിവിടങ്ങളിൽ സമീപകാലത്തായി പത്തോളം പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കളമശേരിയിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കുകയും വട്ടേക്കുന്നത്ത് ലെവൽക്രോസ് ഒഴിവാക്കി ടണൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി കാണിക്കുന്ന ധൃതിയാണ് പലപ്പോഴും ജീവനെടുക്കുന്നത്.
ആധുനിക ട്രെയിനുകളും അശ്രദ്ധയും
ട്രെയിനുകളുടെ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ട്രെയിനുകളുടെ വേഗത വർദ്ധിച്ചതിനൊപ്പം ശബ്ദവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ദൂരത്തുനിന്ന് വണ്ടി വരുന്നത് ശ്രദ്ധയിൽപ്പെടാൻ വൈകുന്നതും വണ്ടിയുടെ വേഗത കൃത്യമായി കണക്കാക്കാൻ സാധിക്കാത്തതും അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നു. ഇതിനുപുറമേ, പാളത്തിലൂടെയുള്ള യാത്ര, വണ്ടി അടുത്തെത്തുമ്പോഴുള്ള സാഹസികമായ പാളം കടക്കൽ, ഓടുന്ന ട്രെയിനിൽ ചാടിക്കയറാനുള്ള ശ്രമം, വാതിലിന് സമീപം നിന്നുള്ള യാത്ര എന്നിവയെല്ലാം ദുരന്തങ്ങൾക്ക് കാരണമാകുന്നു.
ആർ.പി.എഫിന്റെയും റെയിൽവേ പൊലീസിന്റെയും നേതൃത്വത്തിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളും പരിശോധനകളും നടക്കുന്നുണ്ട്. മരണങ്ങളിൽ 99 ശതമാനവും ആത്മഹത്യയാണ്.
റെയിൽവേ പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |