SignIn
Kerala Kaumudi Online
Monday, 27 July 2026 2.41 AM IST

ഇനി വേണ്ട ഒരു ബ്രഹ്മപുരം ,​ വിഷപ്പുകയെ പിടിക്കാൻ അത്യുഗ്രൻ 'കാവൽവണ്ടി'

d

കൊച്ചി: അന്തരീക്ഷമലിനീകരണത്തിന്റെ വ്യാപ്തിയും വ്യാപനവും കണ്ടെത്താൻ പുത്തൻ സംവിധാനവുമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി. കാറ്റിലൂടെ പടരുന്ന വിഷവാതകങ്ങളുടെ സഞ്ചാരപഥവും തീവ്രതയും കണ്ടെത്താനുതകുന്ന അത്യാധുനിക സൗകര്യമുള്ള 'കാവൽ വണ്ടി" എട്ടു മാസത്തിനകം പ്രവർത്തനസജ്ജമാകും. വായുമലിനീകരണം അളക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ നിശ്ചിത സ്ഥലത്തുമാത്രം സ്ഥാപിക്കുന്നവയാണ്. അതിനാൽ കാറ്റിൽ പടരുന്ന വിഷവാതകങ്ങളെ പിന്തുടരാൻ പരിമിതികളുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് നേരിട്ട് കുതിച്ചെത്താനാവുന്ന ആധുനിക മൊബൈൽ എയർക്വാളിറ്റി മോണിറ്ററിംഗ് യൂണിറ്റാണ് വാഹനത്തിലുള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ മേൽനോട്ടത്തിൽ സർവകലാശാലയിലെ സ്കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസാണ് കാവൽ വണ്ടിയൊരുക്കുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ദുരന്തലഘൂകരണ ഫണ്ടിൽനിന്ന് 1.96കോടി രൂപയും അനുവദിച്ചു.

കാറ്റിന്റെ വഴിയേ

ഡ്രോൺ പറക്കും

തീപിടിത്തമോ രാസദുരന്തമോ ഉണ്ടായാൽ മൊബൈൽ ലാബുമായി വിദഗ്ദ്ധസംഘമെത്തും. വായുസഞ്ചാരം കണക്കാക്കി സെൻസറുകൾ സ്ഥാപിക്കും. മലിനീകരണ വ്യാപ്തിയും രൂക്ഷതയും അളക്കാൻ പ്രത്യേക ഡ്രോൺ സംവിധാനവുമുണ്ടാകും. വാഹനത്തിലിരുന്നുതന്നെ വിവരങ്ങൾ ഏകോപിപ്പിച്ച് മിനിറ്റുകൾക്കകം ഓൺലൈൻ മാപ്പുകളായി മാറ്റും. വിവരങ്ങൾ ദുരന്തനിവാരണ അതോറിട്ടിയിലേക്കും കൺട്രോൾ റൂമിലേക്കുംവരെ തത്സമയം കൈമാറാനാകും.

പൂട്ടിക്കിടക്കില്ല

മൊബൈൽ യൂണിറ്റ് സർവകലാശാലയുടെ കീഴിലായതിനാൽ വെറുതെ കിടക്കില്ല. അന്തരീക്ഷ പഠനങ്ങൾക്കായി സർവകലാശാലയിലെ സാങ്കേതിക വിദഗ്ദ്ധ‌ർ തുടർച്ചയായി സംവിധാനം ഉപയോഗിക്കും. കാർബൺ വാതകങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവും ദുരന്തസമയങ്ങളിൽ ജലസ്രോതസുകളിലെ മലിനീകരണം അളക്കാനുള്ള പ്രോബുകളും ഇതിനോടൊപ്പം ഉൾപ്പെടുത്തുന്നുണ്ട്.

മാരക വിഷവാതകങ്ങളുടെയും അന്തരീക്ഷത്തിലെ സൂക്ഷ്മധൂളികളുടെയും അളവ് നിമിഷങ്ങൾക്കകം വേർതിരിച്ചെടുക്കാനാകും.

- ഡോ. മഹേഷ് മോഹൻ,​

അസോസിയേറ്റ് പ്രൊഫസ‌ർ,​

സ്കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസ്

എം.ജി സർവകലാശാല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL