
കൊച്ചി: യുവാക്കളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ കേസിൽ ഒളിവിലുള്ള ഗുണ്ടാത്തലവന്റെ ‘സ്റ്റാറ്റസി’ൽ ഞെട്ടി കൊച്ചി സിറ്റി പൊലീസ്. വെല്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ഇടുക്കി സ്വദേശികളായ യുവാക്കളെ 25 പേരടങ്ങുന്ന ഗുണ്ടകളുടെ അകമ്പടിയോടെ കാർ സഹിതം തട്ടിക്കൊണ്ട‌് പോയി 1 ലക്ഷം രൂപയും കാറും കവർന്ന കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കുമ്പളം വടക്ക് കരിക്കത്തറ വീട്ടിൽ ദിലീഷാണ് (42) കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടത്. കൊച്ചിയിലെ കോടതി വളപ്പിന് മുന്നിൽ നിൽക്കുന്ന സെൽഫിയായിരുന്നു സ്റ്റാറ്റസ്.
സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട പൊലീസും രഹസ്യാന്വേഷണ ഏജൻസികളും കോടതിയിൽ കുതിച്ചെത്തി സി.സി ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും അന്നേദിവസം കോടതിയിൽ ഇയാൾ എത്തിയതിന് തെളിവ് കിട്ടിയില്ല. പൊലീസിനെ വഴിതെറ്റിക്കാൻ ഒളിവിലിരുന്ന് നടത്തിയ ശ്രമമാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസെന്നാണ് സംശയം. കോടതിക്ക് മുന്നിൽ നിന്നെടുത്ത പഴയ സെൽഫിയാണ് പോസ്റ്റ് ചെയ്തതെന്ന് കരുതുന്നു. ദിലീഷിന് വേണ്ടി തെരച്ചിൽ ശക്തമാക്കി.
ആ തോക്കുകൾ എവിടെ
യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ ദിലീഷിന്റെ കൂട്ടുപ്രതിയും പശ്ചിമ കൊച്ചിയിലെ മറ്റൊരു പ്രധാന ഗുണ്ടയുമായ ഡെൽബിൻ ദേവസി 2 മാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് നിന്ന് പിടിയിലായത്. ഇയാളെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ഗുണ്ടാസംഘം യുവാക്കളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഹാർബർ പൊലീസിന് കിട്ടിയിരുന്നു. ഈ തോക്കുകൾ ദിലീഷിന്റെ കൈവശമുണ്ടെന്നാണ് ഡെൽബിന്റെയും മറ്റ് ഗുണ്ടകളുടെയും മൊഴി. ഇവ കള്ളത്തോക്കാണോ എയർഗണ്ണുകളാണോ എന്നതിൽ കൃത്യത ഇല്ല. തോക്ക് ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചതായി യുവാക്കളുടെ മൊഴികളിലുണ്ട്.
ഒളിച്ചു കളിയുമായി ദിലീഷ്
കേസിൽ കൂട്ടുപ്രതികൾ പലരും കീഴടങ്ങുകയും മറ്റുള്ളവർ പിടിയിലാവുകയും ചെയ്തതോടെ രണ്ട് മാസം മുമ്പ് ഹാർബർ സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനുള്ള സാദ്ധ്യത ദിലീഷ് അന്വേഷിച്ചിരുന്നു. ഡെൽബിൻ പിടിയിലായതോടെ ഇയാൾ അനങ്ങിയിട്ടില്ല. ഒളിവിൽ കഴിയവെ വൈ ഫൈ ഉപയോഗിച്ചാണ് ഫോൺ വിളിക്കുന്നതും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതും.
15 കേസുകളിൽ പ്രതി
മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ട് പോകൽ, പീഡനം ഉൾപ്പെടെ 15 കേസുകളിൽ പ്രതിയാണ് ദിലീഷ്. ദുർബല വിഭാഗത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിനും അസഭ്യം പറഞ്ഞതിനും 2024 ൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ അടിസ്ഥാനത്തിൽ തല്ല്, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ മുഖ്യകണ്ണിയാണ്. 2022 മേയ് 27ന് വൈറ്റില കെട്ടുവള്ളം ഹോട്ടൽ ആൻഡ് റസ്റ്റോറന്റിലെ 202 മുറിയിൽ നിന്ന് 1.16 ലക്ഷം രൂപയും എം.ഡി.എം.എയുമായി പിടിയിലായ കേസിൽ ജാമ്യത്തിലാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കുടിപ്പകയാണ് യുവാക്കളെ തട്ടിക്കൊണ്ടു പോയതിൽ കലാശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |