
16 കാരനെ രക്ഷിക്കാൻ മാതാപിതാക്കൾ ‘പറന്നെത്തി’
കൊച്ചി: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന പശ്ചിമബംഗാൾ സംഘം 18 തികയാത്ത കൗമാരക്കാരെ മോഷണത്തിന് കരുവാക്കുന്നു. പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ലെന്നതും രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുമെന്നതും മുതലെടുത്താണ് കുട്ടികളെ ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം എറണാകുളം റെയിൽവേ പൊലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കിയ 16കാരനെ മൊബൈൽ മോഷണത്തിന് ഒരാഴ്ച മുമ്പ് തൃശൂർ ലോക്കൽ പൊലീസും പിടികൂടി. അന്ന് തൃശൂർ ജെ.ജെ ബോർഡ് നിരീക്ഷണത്തിൽ പാർപ്പിച്ച പയ്യനെ പുറത്തിറക്കാൻ കൊൽക്കത്തയിൽ നിന്ന് മാതാപിതാക്കൾ നെടുമ്പാശേരിയിൽ പറന്നെത്തി. ടിക്കറ്റുകൾ ഏർപ്പാടാക്കിയത് കുട്ടികളെ ഉപയോഗിച്ച് കവർച്ച നടത്തുന്ന പശ്ചിമബംഗാൾ ദുർഗാപൂർ സ്വദേശി ബൽറാം നുനിയ (38) എന്ന പെരുങ്കള്ളൻ. ഇയാളെ 30ന് അർദ്ധരാത്രി എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
സംഘത്തിൽ കൂടുതൽ കുട്ടികൾ
ബൽറാമിനെ ചോദ്യം ചെയ്തപ്പോഴാണ് 16കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂർ ജെ.ജെ ബോർഡ് വിട്ടയച്ച പയ്യനുമായി മാതാപിതാക്കൾ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് ട്രെയിനിൽ പുറപ്പെട്ടതായി തിരിച്ചറിഞ്ഞു. സൈബർ ട്രാക്കിംഗിൽ ട്രെയിൻ ആലുവ വിട്ട് നെടുമ്പാശേരി സമീപിക്കുന്നതായി കണ്ടെത്തി. തുടർന്ന് ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ 16കാരനെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. ഇതേ സംഘത്തിൽപ്പെട്ട പശ്ചിമബംഗാൾ സ്വദേശി ഭവാനി മോഹൻ പാണ്ടെ(37)യെ മറ്റൊരു ട്രെയിനിൽ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നാമൻ ജാർഖണ്ഡുകാരൻ സോമനാഥ് കുമാർ (35) കേരളം വിട്ടതായും ഇയാൾക്കൊപ്പം മറ്റൊരു 16കാരൻ കൂടിയുണ്ടെന്ന് സംശയിക്കുന്നതായും റെയിൽവേ പൊലീസ്. പിടിയിലായ 16കാരൻ നിലവിൽ എറണാകുളത്ത് അഭയകേന്ദ്രത്തിലാണ്. മാതാപിതാക്കൾ കൊച്ചിയിൽ തങ്ങുന്നു.
മുന്തിയ മൊബൈലുകൾ മാത്രം
വിലപിടിപ്പുള്ള മൊബൈലുകളാണ് കുട്ടികളെ ഉപയോഗിച്ച് അടിച്ചുമാറ്റുന്നത്. എറണാകുളം സൗത്തിൽ പ്രതികൾ തങ്ങിയ ലോഡ്ജ്മുറിയിലെ തലയണയ്ക്ക് അടിയിലും പ്രതികളുടെ കൈവശവും 13 ഫോണുകൾ കണ്ടെത്തി. ഇതിൽ 1.40 ലക്ഷം രൂപ വിലപിടിപ്പുള്ള സാംസംഗ് 25 അൾട്ര, 74,999 രൂപ വിലയുള്ള സാംസംഗ് എസ് 20 അൾട്ര, 72,000 രൂപയുടെ ഐ ഫോൺ 13 എന്നിവ ഉൾപ്പെടുന്നു. രക്ഷപ്പെട്ട പ്രതിയുടെ കൈവശം 14 ഫോണുകൾ കൂടിയുണ്ടെന്നാണ് സൂചന. ട്രെയിൻ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ കാത്തിരിക്കുന്ന യാത്രക്കാരെ നിരീക്ഷിച്ച ശേഷമാണ് അടിച്ചുമാറ്റൽ. ട്രെയിനിൽ കയറുന്ന സമയത്തും ട്രെയിൻ പുറപ്പെടുന്ന സമയത്തുമാണ് ലിഫ്റ്റിംഗ്. 50 ഫോണുകൾ തികയുന്നതോടെ സംഘം കേരളം വിടും.
ഫോണുകൾ പശ്ചിമബംഗാൾ വഴി ബംഗ്ലാദേശ് വിപണിയിൽ സെക്കൻഡ്സ് സെയിൽ ഇനത്തിൽ വിറ്റഴിക്കും. തുടർന്ന് വീണ്ടും കേരളത്തിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |