
കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ കൊച്ചിയിൽ വീണ്ടും സജീവമാകുന്നു. കൊച്ചി സിറ്റിയിൽ ഞായറാഴ്ച രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി പരാതിക്കാർക്ക് 55.7 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പിനിരയായവരിൽ 65കാരനും 36കാരനും ഉൾപ്പെടെ 11 പേരുണ്ട്. സംഭവങ്ങളിൽ ഹിൽപാലസ്, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃപ്പൂണിത്തുറ സ്വദേശിയായ 65കാരനിൽ നിന്ന് മാത്രം 44.4 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. ഒരു സ്വകാര്യ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചാൽ അമിത ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു വഞ്ചന.
ജൂലായ് 3 മുതൽ ജൂലായ് 29 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല തവണകളായാണ് തുക തട്ടിയെടുത്തത്. പണം നൽകിയ ശേഷം ലാഭവിഹിതമോ മുതലോ തിരികെ നൽകാതെയാണ് സംഘം ചതിച്ചത്. തിരുവാങ്കുളത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ ജീവനക്കാരനായ ഹർദിക്ക് ധോഷിക്കെതിരെയാണ് കേസ്.
മറ്റൊരു തട്ടിപ്പിൽ 36കാരനും മറ്റ് 10 പേർക്കുമായി 11.3 ലക്ഷം രൂപ നഷ്ടമായി. മാസം തോറും ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 2024 ജനുവരി മുതൽ 2025 ജനുവരി വരെ പല ഘട്ടങ്ങളിലായി ഗൂഗിൾ പേ, ഡീമാറ്റ് വഴി പണം വാങ്ങിയ ശേഷമായിരുന്നു വഞ്ചന.
രണ്ട് മലയാളി പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |