SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

ജില്ലയെ വിടാതെ രാത്രിമഴ

rain

കൊച്ചി: ജില്ലയെ ഇന്നലെയും രാത്രിമഴ ആശങ്കയിലാഴ്ത്തി. ഒരിടത്തുനിന്നും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് ആശ്വാസം. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത കൈവിടരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിൽ നാലും കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ രണ്ട് വീതവും ക്യാമ്പുകളാണ് തുറന്നത്. 38 കുടുംബങ്ങളിലെ 102 പേരെ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. ഇതിൽ 41 പുരുഷന്മാരും 51 സ്ത്രീകളും 18 കുട്ടികളും ഉൾപ്പെടുന്നു. 12 പേർ വയോജനങ്ങളാണ്.

ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം. ജോൺ മഴക്കെടുതി രൂക്ഷമായ മേഖലകളും ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി ഭാഗത്തുള്ള ക്യാമ്പുകളിലും തുടർന്ന് മൂവാറ്റുപുഴയിലെ വാഴപ്പള്ളി ജെ.ബി സ്‌കൂൾ, കടാതി എൻ.എസ്.എസ് കരയോഗമന്ദിരം, ടൗൺ യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും മന്ത്രി സന്ദർശനം നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 ജലനിരപ്പ് താഴ്ന്നു

പ്രധാന നദികളിലെ ജലനിരപ്പ് നിലവിൽ നിയന്ത്രണവിധേയമായത് ആശ്വാസമായി. മാർത്താണ്ഡവർമ്മ പോയിന്റിൽ ജലനിരപ്പ് 2.61 മീറ്ററാണ് (മുന്നറിയിപ്പ് നിരപ്പ്: 3.190 മീറ്റർ). കാലടിയിൽ 5.27 മീറ്ററും (മുന്നറിയിപ്പ് നിരപ്പ്: 6.920 മീറ്റർ), മംഗലപുഴയിൽ 2.71 മീറ്ററുമാണ് (മുന്നറിയിപ്പ് നിരപ്പ്: 4.35 മീറ്റർ) ജലനിരപ്പ് രേഖപ്പെടുത്തിയത്. പ്രധാന പോയിന്റുകളിലെല്ലാം ജലനിരപ്പ് മുന്നറിയിപ്പ് പരിധിക്ക് താഴെയാണ്.

 എലിപ്പനി ജാഗ്രത വേണം
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 മലിനജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഗംബൂട്ട്, കൈയുറ എന്നിവ ധരിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.

എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിരോധ മരുന്ന് ലഭ്യമാണ്.

മഴമൂലം പാമ്പുകൾ വീടുകളിൽ കയറാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം.

വീടിനു പരിസരത്ത് പാഴ്‌വസ്തുക്കൾ കൂട്ടിയിടരുത്.

രാത്രി പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കണമെന്നും പാദരക്ഷകൾ ധരിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL