പറവൂർ: പ്രളയത്തിൽ തകർന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെമ്മായം പാലം പുനർനിർമ്മാണത്തിന് 21.62 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. പുതിയ പാലത്തിന് വേണ്ടി ഇൻവെസ്റ്റിഗേഷനും ചീഫ് എൻജിനിയറുടെ ഡിസൈനും സർക്കാരിന് സമർപ്പിച്ച ശേഷമാണ് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദ്ദേശങ്ങളോടെ ഭരണാനുമതി ലഭിച്ചത്. കോട്ടുവള്ളിയിൽ നിന്ന് ചെമ്മായം റോഡ് വഴി കൂനമ്മാവ് ദേശീയപാതയിലേക്ക് കടക്കാവുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. 215 മീറ്റർ നീളം, 5.30 മീറ്റർ വീതി, ഒന്നര മീറ്റർ നടപ്പാതയുമുള്ള പാലത്തിന് 13 സ്പാനുകളുണ്ടാകും. ഇറിഗേഷൻ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വാട്ടർ ലെവലിൽ നിന്ന് ആറ് മീറ്റർ ഉയർത്തിയാണ് പുതിയ പാലത്തിന്റെ നിർമ്മാണം.
2001ൽ എം.പി. ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചെലവിൽ ഓട്ടോറിക്ഷ വരെ കടന്നുപോകാവുന്ന വീതിയിലായിരുന്നു പാലം നിർമ്മിച്ചത്. പാലം തുറന്ന് പത്ത് വർഷം തികയുന്നതിന് മുമ്പേ ബലക്ഷയമായി. തൂണുകളും കൈവരികളും തകർന്നുതുടങ്ങി. 2018ലെ പ്രളയത്തിൽ മദ്ധ്യഭാഗത്തെ നാല് തൂണുകൾക്ക് കേടുപാട് സംഭവിച്ചു. ഇതിനാൽ പാലത്തിലൂടെ എല്ലാവിധ യാത്രകളും നിരോധിച്ചു. നാട്ടുകാർക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലാത്തിനാൽ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്.
2021 തയ്യാറാക്കിയ എസ്റ്റിമേറ്റിൽ പുതിയപാലം നിർമ്മാണ ചെലവ് 17.66 കോടി രൂപയായിരുന്നു. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠനം 2023 ഏപ്രിലിൽ നടത്തി. ഭാരതമാതാ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ പുരോഗതിയുണ്ടായില്ല.
ചെമ്മായം പാലം പൂർത്തിയാൽ കോട്ടുവള്ളി, ഏഴിക്കര മേഖലയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ ദേശീയപാത 66ലേക്ക് കടക്കാനാകും. ഈ മേഖലയിൽ നിന്ന് നിലവിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ചെറിയപ്പിള്ളി, തിരുമുപ്പം എന്നിവിടങ്ങളിലൂടെയാണ്.
പാലത്തിനും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. സ്ഥലമെടുപ്പ് പൂർത്തീകരിച്ചാൽ പൊതുമരാമത്ത് പാലം വിഭാഗത്തിന് കൈമാറും. വേഗത്തിൽ ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും
വി.ഡി. സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |