
കൊച്ചി: ദേശീയപാതകളിലെ സുരക്ഷാ വീഴ്ചകൾക്കും അനധികൃത കൈയേറ്റങ്ങൾക്കും തടസങ്ങൾക്കും കടിഞ്ഞാണിടാൻ എറണാകുളം ജില്ലയിൽ അഞ്ച് പ്രത്യേക പരിശോധനാ സംഘങ്ങൾ രംഗത്തിറങ്ങും. റവന്യൂ, പി.ഡബ്ല്യു.ഡി, ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ), പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘങ്ങൾ രൂപീകരിക്കുന്നത്.
ദേശീയപാതകളിലെ അപകടസാദ്ധ്യതാ മേഖലകൾ, അനധികൃത കൈയേറ്റങ്ങൾ, നിർമ്മാണങ്ങൾ, ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധ പാർക്കിംഗ് തുടങ്ങിയവ കണ്ടെത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നടപടി ഉറപ്പാക്കാനുമാണ് സംഘങ്ങളെ നിയോഗിക്കുന്നത്. സുപ്രീം കോടതി പുറപ്പെടുവിച്ച ദേശീയപാതാ റോഡ് സുരക്ഷാ ഉത്തരവുകളുടെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി.
കൈപ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതാ സുരക്ഷ സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിൽ എ.ഡി.എം കെ. മനോജ്, എ.എസ്.പി റൂറൽ ടി.ബി. വിജയൻ, കൊച്ചി സിറ്റി എ.സി.പി (ട്രാഫിക് വെസ്റ്റ്) സാജു ജോർജ്, ജോയിന്റ് ആർ.ടി.ഒ സി.ടി. അരുൺ, തഹസിൽദാർമാർ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് പാതകൾ, അഞ്ച് സംഘങ്ങൾ
മൂത്തകുന്നം–ഇടപ്പള്ളി (എൻ.എച്ച്-66), ഇടപ്പള്ളി–അരൂർ (എൻ.എച്ച് -66), കൊച്ചി–മൂന്നാർ (എൻ.എച്ച്-85), ഐ.സി.ടി.ടി. വല്ലാർപാടം (എൻ.എച്ച്-966), അങ്കമാലി–കുണ്ടന്നൂർ (എൻ.എച്ച്-544) എന്നീ പ്രധാന ദേശീയപാതാ ഭാഗങ്ങളിലാണ് പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിക്കുന്നത്. തഹസിൽദാർമാരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനാ സംഘങ്ങൾക്കാവശ്യമായ വാഹനവും ഡ്രൈവറെയും എൻ.എച്ച്.എ.ഐ ലഭ്യമാക്കും. സംഘങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കാനും കളക്ടർ നിർദേശം നൽകി.
ദേശീയപാതയുടെയും പാതയോരങ്ങളുടെയും ഭാഗങ്ങളിൽ നടക്കുന്ന അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും സംഘം പരിശോധിക്കും.
അപകടത്തിന് കാരണമാകുന്ന തടസങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ, അപകടസാദ്ധ്യതയുള്ള മേഖലകൾ എന്നിവയും കണ്ടെത്തും. വൻകിട, ചരക്ക് വാഹനങ്ങൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതും പരിശോധനയുടെ പരിധിയിൽ വരും.
കണ്ടെത്തുന്ന അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും സമയബന്ധിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളും ഭരണപരമായ പോരായ്മകളും അടിയന്തരമായി പരിഹരിക്കും
പരിശോധനയ്ക്ക് ഏകീകൃത സംവിധാനം
ദേശീയപാതകളിൽ കൃത്യമായ പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) നടപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങൾ കൃത്യമായി നിശ്ചയിച്ച് അടിയന്തര ഇടപെടൽ ഉറപ്പാക്കും. വിവിധ സംഘങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ഏകീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതിനുള്ള ഏകോപന സംവിധാനവും ഒരുക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |