
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സെന്റ് ആൽബർട്‌സ് കോളേജിന് അനുവദിച്ച പാട്ടഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ). ഇവിടുത്തെ 88 സെന്റ് സ്ഥലം കോളേജിന് വിട്ടുനൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സി.ഡി.എ സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി.
1995ൽ കളിക്കളം നിർമ്മിക്കാനാണ് ഭൂമി ആദ്യം കോളേജിന് പാട്ടത്തിന് നൽകിയത്. 2013ൽ മെട്രോ റെയിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ ഭൂമി ഏറ്റെടുത്തു. ഇതിന് പകരം നഷ്ടപരിഹാരമായാണ് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 88 സെന്റ് ഭൂമി സർക്കാർ കോളേജിന് അനുവദിച്ചത്. എന്നാൽ, മെട്രോ ഏറ്റെടുത്ത ഭൂമിയിൽ 40 സെന്റ് ജി.സി.ഡി.എയുടേതായിരുന്നു. അതിനാൽ സർക്കാർ നിശ്ചയിച്ച ബദൽ ഭൂമിയുടെ ഗുണഭോക്താവ് കോളേജ് മാത്രമല്ലെന്നും അതോറിട്ടി കൂടി ഉൾപ്പെട്ടതാണെന്നും റിപ്പോർട്ടിലുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്ക്
സ്ഥലം അനിവാര്യം
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വാഹന പാർക്കിംഗിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ഈ സ്ഥലം നിലനിറുത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15നാണ് കോടികൾ വിലമതിക്കുന്ന ഭൂമി സെന്റ് ആൽബർട്‌സ് കോളേജിന് വിട്ടുനൽകാൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി റവന്യു വകുപ്പ് ഉത്തരവിറക്കിയത്. 2004 വരെയുള്ള പാട്ട കുടിശികയിനത്തിൽ കോളേജ് നൽകേണ്ടിയിരുന്ന 1.81 കോടി രൂപ ഒഴിവാക്കി നൽകുകയും ചെയ്തിരുന്നു.
തുടക്കം 2016ൽ
2016ൽ ഉമ്മൻ ചാണ്ടി സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭൂമി വിട്ടുനൽകാൻ സമാനമായ ഉത്തരവിറക്കിയിരുന്നു. 2017ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വിഷയത്തെക്കുറിച്ച് പഠിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഭൂമി കൈമാറുന്നത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അതിനാൽ നൽകരുതെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ നിലപാട് തിരുത്തിയാണ് രണ്ടാം പിണറായി സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചത്. സ്ഥലം സർക്കാരിൽ നിലനിറുത്തണമെന്നാണ് ജി.സി.ഡി.എയുടെ നിർദ്ദേശം. റിപ്പോർട്ടിൽ സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |