SignIn
Kerala Kaumudi Online
Sunday, 13 September 2026 1.42 AM IST

നാഥനില്ലാ കളരിയായി ജി.സി.ഡി.എ

gcda

കൊച്ചി: ചെയർമാനെ നിയമിക്കാത്തതും ഭരണസമിതി രൂപീകരിക്കാത്തതും മൂലം നാലുമാസമായി വിശാലകൊച്ചി വികസന അതോറിട്ടിയുടെ (ജി.സി.ഡി.എ) പ്രവർത്തനം സ്‌തംഭിച്ച നിലയിൽ. യോഗം ചേരാത്തതിനാൽ വികസന പദ്ധതികൾ നടപ്പാക്കാനും നയപരമായ തീരുമാനങ്ങളെടുക്കാനും കഴിയുന്നില്ല. മുൻ ചെയർമാൻ കെ. ചന്ദ്രൻപിള്ള മേയ് 15ന് സ്ഥാനമൊഴിഞ്ഞിരുന്നു. ചെയർമാന്റെ അഭാവത്തിൽ താത്കാലിക ചുമതല ഏൽപ്പിക്കാറുണ്ടെങ്കിലും ഇത്തവണ അതിനും നടപടിയായിട്ടില്ല.

സെക്രട്ടറിക്കാണ് ജി.സി.ഡി.എയുടെ ദൈനംദിന ഭരണച്ചുമതല. സെക്രട്ടറിക്ക് കൈമാറ്റച്ചുമതല പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള സാമ്പത്തിക തീരുമാനങ്ങൾ മാത്രമാണ് എടുക്കാനാകുക. അതിനു മുകളിൽ ചെലവ് വരുന്ന പദ്ധതികളിൽ തുടർനടപടി സ്വീകരിക്കുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും കഴിയില്ല. വലിയ പദ്ധതികൾക്ക് ഭരണതലത്തിലുള്ള തീരുമാനം അനിവാര്യമായതിനാൽ ഫയലുകൾ പലതും നിശ്ചലമാണ്. ഭരണപക്ഷത്തിനാണ് പുതിയ ചെയർമാനെ നിയമിക്കാനും ഭരണസമിതി പുനഃസംഘടിപ്പിക്കാനുമുള്ള ഉത്തരവാദിത്വം. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

അനക്കമില്ലാതെ പദ്ധതികൾ

കലൂർ സ്റ്റേഡിയം നവീകരണം, ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിനായുള്ള ലാൻഡ് പൂളിംഗ് നടപടികൾ, പനമ്പിള്ളി നഗർ ഫുഡ് സ്ട്രീറ്റ്, രാജേന്ദ്ര മൈതാനത്തെ പദ്ധതികൾ തുടങ്ങിയവയിലെ തുടർ നടപടികൾ തടസപ്പെട്ടു. കഴിഞ്ഞ ഭരണകാലത്ത് അംഗീകാരം ലഭിച്ച ഒമ്പത് മുനിസിപ്പാലിറ്റികളിലായി ഓപ്പൺ സ്പേസ് ഒരുക്കുന്ന ഒമ്പത് കോടി രൂപയുടെ പദ്ധതിയും അനിശ്ചിതത്വത്തിലായി. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും തടസങ്ങൾ പരിഹരിക്കുന്നതിനും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങൾ നിർണായകമാണ്. ചില പദ്ധതികൾ പാതിവഴിയിൽ നിലയ്‌ക്കുകയും ചെയ്തു.

നയപരമായ തീരുമാനങ്ങളും

അനിശ്ചിതത്വത്തിൽ

വികസന പദ്ധതികൾ മാത്രമല്ല, ജി.സി.ഡി.എയുടെ നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിനും നിലവിലുള്ള പദ്ധതികളിൽ നയപരമായ മാറ്റങ്ങൾ വരുത്തുന്നതിനും ഭരണസമിതിയുടെ ഇടപെടൽ അനിവാര്യമാണ്.

കാത്തുകിടക്കുന്ന ഫയലുകൾ

നിലവിലുള്ള പദ്ധതികളുടെ തുടർനടപടികൾക്ക് പുറമെ പുതിയ നിർദ്ദേശങ്ങളും തീരുമാനത്തിനായി കാത്തുകിടക്കുകയാണ്. സാമ്പത്തിക പരിധി കടക്കുന്ന ഫയലുകൾക്ക് ഉന്നതതല അനുമതി ആവശ്യമായി വരുന്നതിനാൽ നടപടിക്രമങ്ങൾ നീളുന്നു. ഇത് പദ്ധതികളുടെ സമയക്രമത്തെയും ചെലവിനെയും പ്രതികൂലമായി ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GCDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL