
കൊച്ചി: തീരദേശ പരിപാലന നിയമത്തിൽ (സി.ആർ.സെഡ് ) വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് 2019ൽ നൽകിയ ഇളവ് 2011 മുതൽ നിർമ്മിച്ചവയ്‌ക്കും അനുവദിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ ഉറപ്പ് തീരദേശവാസികൾക്ക് ആശ്വാസമായി.
സംസ്ഥാന സർക്കാരിന്റെയും തീരദേശ പരിപാലന അതോറിട്ടിയുടെയും വിശദീകരണം ലഭിച്ചശേഷം തുടർനടപടിയുണ്ടാകുമെന്ന് ഹൈബി ഈഡൻ എം.പിയെയാണ് മന്ത്രി അറിയിച്ചത്.
സി.ആർ.സെഡ് വിജ്ഞാപനപ്രകാരമുള്ള അനുമതി തേടാതെയും ലഭിക്കാതെയും നിർമ്മാണം നടത്തിയ വാസഗൃഹങ്ങൾ പോലുള്ള കെട്ടിടങ്ങൾക്ക് നിലവിൽ ക്രമവത്കരണം നൽകുന്നത് നിർമ്മാണം നടത്തിയ സമയത്തെ നിയമപ്രകാരം മാത്രമാണ്. ഈ സാഹചര്യത്തിൽ 2019ലെ സി.ആർ.സെഡ് വിജ്ഞാപന പ്രകാരം തീരദേശത്തെ നിർമ്മാണത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 2011ലെ വിജ്ഞാപനം നിലനിന്ന കാലത്ത് നിർമ്മിച്ച വീടുകൾക്ക് ഇതുപ്രകാരം ഇളവ് അനുവദിച്ചിട്ടില്ല. അനുമതികൾ വാങ്ങാതെ നടത്തിയ നിർമ്മിതികൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ വീട്ടുനമ്പർ ഉൾപ്പെടെ ലഭിക്കുന്നില്ല.
ഇതിൽ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ഹൈബി നിവേദനം നൽകിയിരുന്നു.
തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരും കടലാക്രമണം, തീരശോഷണം തുടങ്ങിയ സാഹചര്യങ്ങളിൽ വീടുകൾ നിർമ്മിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിരുന്നു. നിയമത്തെക്കുറിച്ചുള്ള അവബോധക്കുറവും മറ്റു സാഹചര്യങ്ങളും മൂലം പലർക്കും ആവശ്യമായ അനുമതികൾ നേടാൻ കഴിഞ്ഞിരുന്നില്ല.
2019ലെ വിജ്ഞാപനം ബാധകമാക്കിയാൽ മുമ്പത്തെ നിർമ്മാണങ്ങൾ നിയമപരമാക്കാൻ കഴിയും. മുൻകൂർ സി.ആർ.ഇസഡ് അനുമതിയില്ലാതെ നിർമ്മിച്ച താമസസ്ഥലങ്ങൾ ക്രമവത്കരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെയും തീരദേശ പരിപാലന അതോറിട്ടിയുടെയും വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ശുപാർശയിൽ വ്യക്തത തേടി
ആർക്കൊക്കെയാണ് ഇളവുകൾ ബാധകമാക്കേണ്ടതെന്ന് ശുപാർശകളിൽ കൃത്യമായി പരാമർശിച്ചിട്ടില്ല. ഇതുമൂലം, 2011ലെ വിജ്ഞാപന പ്രകാരം അനുവദനീയമല്ലാത്തതും 2019ലെ വിജ്ഞാപന പ്രകാരം അനുവദനീയമായതുമായ എല്ലാ നിർമ്മാണങ്ങൾക്കും അംഗീകാരം ലഭിക്കുന്ന തരത്തിലാണ് നിലവിലെ ശുപാർശ. 2019ലെ വിജ്ഞാപനത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നതെന്നതിലും വ്യക്തത വരുത്തി അറിയിക്കാനാണ് സംസ്ഥാനത്തോട് കേന്ദ്രം നിർദ്ദേശിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ സയന്റിസ്റ്റ് ഡോ. എച്ച്. ഖാർക്വാൽ ഇതുസംബന്ധിച്ച് കേരള തീരദേശ പരിപാലന അതോറിട്ടി മെമ്പർ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |