SignIn
Kerala Kaumudi Online
Saturday, 12 September 2026 9.37 AM IST

വൈദ്യുതി പ്രതിസന്ധി,​ നോക്കുകുത്തിയായി ഭൂതത്താൻകെട്ട് പദ്ധതി

bhoothathankettu

കോതമംഗലം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ചോദ്യചിഹ്നമായി തുടരുകയാണ് ഭൂതത്താൻകെട്ടിലെ മിനി ജലവൈദ്യുതി പദ്ധതിയുടെ പൂർത്തീകരണം. 90 ശതമാനത്തോളം പണികളും പൂർത്തിയായ ശേഷം ജനറേറ്ററിന്റെ ഘടകങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലെ നൂലാമാലകളും സാമ്പത്തിക ഇടപാടുകളുമാണ് പദ്ധതിയെ വഴിമുട്ടിച്ചത്.

2014ൽ നിർമ്മാണം ആരംഭിച്ചപ്പോൾ രണ്ട് വർഷംകൊണ്ട് കമ്മിഷനിംഗ് നടത്താൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുനൂറ് കോടി രൂപയിലധികമാണ് ചെലവഴിച്ചത്. അൻപത് കോടി രൂപയിലധികം ഇനിയും വേണ്ടിവരുമെന്നാണ് ഏകദേശകണക്ക്.

പദ്ധതിയുടെ പൂർത്തീകരണത്തിന് റീ ടെൻഡർ വിളിച്ച് പുതിയ കരാറുകാരെ കണ്ടെത്തുകയാണ് പോംവഴി. ജനറേറ്റർ ഭാഗങ്ങളുടെ ഇറക്കുമതിയും അവശേഷിക്കുന്ന നിർമ്മാണജോലികളും ആണ് പുതിയ കരാറുകാർക്ക് നൽകേണ്ടത്. നേരത്തെ കൊണ്ടുവന്ന ഉപകരണങ്ങളിൽ ചിലതെങ്കിലും റീ കണ്ടീഷൻ ചെയ്യേണ്ടതായും വരും. റീ ടെൻഡറിനുള്ള ചർച്ചകളും മറ്റ് നടപടികളും കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്. കമ്പനി ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും സമീപകാലത്ത് പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു. നിർമ്മാണജോലികൾ പുനരാരംഭിച്ചാൽ മൂന്ന് ജനറേറ്ററുകളും സ്ഥാപിച്ച് പൂർണ്ണതോതിൽ ഉത്പാദനം സാദ്ധ്യമാകണമെങ്കിൽ രണ്ടോ മൂന്നോ വർഷം കാത്തിരിക്കേണ്ടിവരും.

ആദ്യം കൊവിഡ് ചതിച്ചു,

പിന്നാലെ സാമ്പത്തിക പ്രശ്നം

ചൈനീസ് സാങ്കേതിക വിദ്യയായ ബൾബ് ടർബൈൻ സാങ്കേതിക വിദ്യയാണ് ഈ പദ്ധതിക്കായി സ്വീകരിച്ചിട്ടുള്ളത്. ജനറേറ്റർ ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ നിർമ്മിക്കുന്നതും ചൈനീസ് കമ്പനിയാണ്. മൂന്ന് ഘട്ടങ്ങളായാണ് ജനറേറ്റർ ഭാഗങ്ങൾ എത്തിക്കേണ്ടിയിരുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളും തടസങ്ങളില്ലാതെ പൂർത്തിയായി. മൂന്നാംഘട്ട ഇറക്കുമതിയാണ് തടസ്സപ്പെട്ടത്. കൊവിഡ് വ്യാപനമായിരുന്നു ആദ്യ പ്രശ്‌നം. പിന്നീട് സാമ്പത്തിക പ്രശ്‌നം ഉൾപ്പടെയുള്ളവ ഇറക്കുമതിയെ ബാധിച്ചു. ഇതോടൊപ്പം നിർമ്മാണകരാറുകാരും കെ.എസ്.ഇ.ബി.യും ഏറ്റുമുട്ടലിന്റെ പാതയിലായി. പലവട്ടം ചർച്ചകളും കോടതി ഇടപെടലുകളും ഉണ്ടായെങ്കിലും കുരുക്ക് അഴിഞ്ഞില്ല. പദ്ധതി പൂർത്തീകരിക്കില്ലെന്ന് ഉറപ്പായതോടെ ശ്രീശരവണ എൻജിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കി.

ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെളളം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിധത്തിലാണ് മിനി ജലവൈദ്യുതി പദ്ധതി ഡിസൈൻ ചെയ്തിട്ടുള്ളത്.

എട്ട് മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് സ്ഥാപിക്കേണ്ടത്.

 കുറഞ്ഞ ഹെഡിൽ വൈദ്യുതി ഉത്പാദനം സാദ്ധ്യമാകുമെന്നതിനാലാണ് ബൾബ് ടർബൈൻ എന്ന ചൈനീസ് സാങ്കേതിക വിദ്യ തെരഞ്ഞെടുക്കാൻ കാരണം

മാസങ്ങൾക്കുള്ളിൽ റീ ടെൻഡർ നടപടികൾ പൂർത്തീകരിക്കും. ഒരു വർഷത്തിനകം പദ്ധതിയുടെ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ. ഒഴിവാക്കിയ കരാർ കമ്പനിയുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടങ്ങൾ റീ ടെൻഡറിനെ ബാധിക്കാതിരിക്കാൻ കെ.എസ്.ഇ.ബി.ശ്രദ്ധിക്കുന്നുണ്ട്. കരാറുകാരൻ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ഇ.ബി. തടസഹർജി ഫയൽ ചെയ്തു.

ഷിബു തെക്കുംപുറം എം.എൽ.എ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL