
കൊച്ചി: ജില്ലയിൽ ഇന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറുക. വാതിലുകളും ജനലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്. തുറസായ സ്ഥലത്തോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കണം. മിന്നലേറ്റ വ്യക്തിയെ ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമശുശ്രൂഷ നൽകി ഉടനടി വൈദ്യസഹായം ലഭ്യമാക്കണമെന്നും അധികൃതർ അറിയിച്ചു.
മറ്റ് നിർദ്ദേശങ്ങൾ
ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുകയും ടെലിഫോൺ ഉപയോഗം ഒഴിവാക്കുകയും വേണം.
ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മിന്നലുള്ളപ്പോൾ കാറിനുള്ളിൽ തുടരുന്നത് സുരക്ഷിതമാണ്. എന്നാൽ ബൈക്ക്, സൈക്കിൾ യാത്രകൾ ഒഴിവാക്കണം. മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും ബോട്ടുകളിൽ തുടരുന്നതും നിറുത്തിവെച്ച് ഉടൻ കരയിലേക്ക് എത്തണം.
മൃഗങ്ങളെ അഴിക്കാൻ തുറസായ സ്ഥലങ്ങളിലേക്ക് പോകരുത്. സുരക്ഷിതമായ ഇടമില്ലെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി ഇരിക്കുക.
ഇടിമിന്നൽ സാദ്ധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി' മൊബൈൽ ആപ്പ്
ഉപയോഗിക്കാം
കാലാവസ്ഥ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |