
42 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കും
കോലഞ്ചേരി: റിഫൈനറി തീപിടിത്തത്തിൽ വീടൊഴിഞ്ഞ് വാടകവീടുകളിൽ അഭയം തേടിയ അയ്യൻകുഴിയിലെ 42 കുടുംബങ്ങൾക്ക് ഒടുവിൽ പ്രതീക്ഷയുടെ വെളിച്ചം. എച്ച്.ഒ.സിക്കും ബി.പി.സി.എല്ലിനുമിടയിൽ നാല് പതിറ്റാണ്ടായി മലിനീകരണത്തിന്റെ ദുരിതം പേറുന്ന കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് ഭരണാനുമതിയായി. അയ്യൻകുഴിയിൽ ശാസ്ത്രീയ ലാൻഡ്‌ഫിൽ സൗകര്യം സ്ഥാപിക്കുന്നതിനായി 3.7649 ഹെക്ടർ ഭൂമി വാങ്ങും. വി.പി. സജീന്ദ്രൻ എം.എൽ.എയുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. ജില്ലാ കളക്ടർക്ക് ജില്ലാതല പർച്ചേസ് കമ്മിറ്റി മുഖേന ഭൂവുടമകളുമായി ചർച്ച നടത്തി സമ്മതം തേടാനും നടപടികൾ സ്വീകരിക്കാനും സർക്കാർ അനുമതി നൽകി.
തീപിടിത്തത്തോടെ ദുരിതം ഇരട്ടിയായി
2025 ജൂലായ് 8ന് റിഫൈനറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് വീടുകളിൽനിന്ന് മാറേണ്ടിവന്ന കുടുംബങ്ങൾ നിലവിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് കഴിയുകയാണ്. വർഷങ്ങളായി അനുഭവിച്ചുവരുന്ന വായു, ജല, ശബ്ദ മലിനീകരണത്തിനും ദുർഗന്ധത്തിനും പുറമെയാണ് തീപിടിത്തം പ്രതിസന്ധി രൂക്ഷമാക്കിയത്.
വിലയില്ലാത്ത ഭൂമി, വിൽക്കാനുമാകുന്നില്ല
1984 മുതൽ മലിനീകരണത്തിനെതിരെ സമരരംഗത്തുള്ള അയ്യൻകുഴി നിവാസികളിൽ പലർക്കും രണ്ടും മൂന്നും സെന്റ് വീതം മാത്രമേയുള്ളൂ. മലിനീകരണ പ്രശ്നമുള്ളതിനാൽ ആരും വാങ്ങുന്നുമില്ല. പണയപ്പെടുത്തുമ്പോഴും ഭൂമിയുടെ മൂല്യം ബാങ്കുകളും കുറച്ചു.
ലാൻഡ്‌ഫില്ലിന് 9.3 ഏക്കർ
നഗര തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള നിർജ്ജീവ മാലിന്യങ്ങളും വേസ്റ്റ് ടു എനർജി പ്ലാന്റിൽനിന്നുള്ള അവശിഷ്ട മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ലാൻഡ്‌ഫിൽ സൗകര്യമാണ് അയ്യൻകുഴിയിൽ ലക്ഷ്യമിടുന്നത്. ഭൂവുടമകളുമായി ചർച്ച നടത്തി ഭൂമി വാങ്ങുന്നതിനുള്ള നടപടികളാണ് ഇനി നടക്കുക.
നാല് പതിറ്റാണ്ടായി മലിനീകരണത്തിനെതിരെ പോരാടുന്നതിനിടെ വീടുപോലും ഉപേക്ഷിക്കേണ്ടിവന്നവർക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
അയ്യൻകുഴി ജനതയുടെ പതിറ്റാണ്ടുകളായുള്ള പ്രശ്നത്തിന് പരിഹാരം കാണാനും ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ട്. ഏറ്റെടുക്കുന്ന പ്രദേശത്തിന് 16 കോടി രൂപ അനുവദിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കും
വി.പി. സജീന്ദ്രൻ, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |