SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

 മനസ് തുറന്ന് കാദർ അത്തിയ കൊച്ചി ലോകത്തിന് മാതൃക

pic

കൊച്ചി: 'കുടിയേറുന്ന സംസ്കാരത്തെ അതിന്റെ തനിമയോടെ നിലനിറുത്തുന്നതിൽ ലോകത്തിന് തന്നെ കൊച്ചി മാതൃകയാണ്." കൊച്ചി മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് കലാകാരൻ കാദർ അത്തിയയ്ക്ക് കൊച്ചി അത്രത്തോളം പ്രിയപ്പെട്ട ഇടം. ബിനാലെ ഏഴാം ലക്കത്തിന്റെ ക്യൂറേറ്റോറിയൽ പ്രമേയം രൂപീകരിക്കുന്നതിൽ കൊച്ചിയുടെ സവിശേഷത പ്രധാന ഘടകമാകും- ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം മനസ് തുറന്നു.

'പാരീസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിച്ചിരുന്ന കമ്മ്യൂണിറ്റി പാർപ്പിടത്തിലായിരുന്നു തന്റെ കുട്ടിക്കാലം. അവിടെ നിന്നാണ് കലയുടെ ആദ്യക്ഷരം കുറിച്ചത്. കുടിയേറുന്ന സംസ്കാരം പതുക്കെ അതത് പ്രദേശങ്ങളുമായി ഇണങ്ങിച്ചേരുന്ന കാഴ്ചയാണ് പൊതുവെ യൂറോപ്പിൽ കാണുന്നത്. കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. എന്നാൽ കൊച്ചിയിൽ ഈ സംസ്കാരങ്ങളുടെ തനത് നേർക്കാഴ്ച ലഭിക്കും. കൊച്ചിയുടേത് ഏകമായ വ്യക്തിത്വമല്ല, മറിച്ച് വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ് " അദ്ദേഹം പറഞ്ഞു.

കലാസൃഷ്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച അത്തിയ, രണ്ട് പതിറ്റാണ്ടിലേറെയായി ഓർമ്മ, ചരിത്രം, റിപ്പെയർ, കൊളോണിയലിസത്തിന്റെ അടയാളങ്ങൾ എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റി വികസിച്ചുവന്ന തന്റെ കലാപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നും പൂർവ്വികർ അവശേഷിപ്പിച്ചുപോയ അടയാളങ്ങളിൽ നിന്നും തുടങ്ങി, മുറിവിന്റെയും പുനഃസ്ഥാപനത്തിന്റെയും ആശയങ്ങളിലൂടെയാണ് കാദർ അത്തിയയുടെ കല കടന്നുപോകുന്നത്.

1970ൽ ഫ്രാൻസിലെ ദുഗ്‌നിയിൽ ജനിച്ച കാദർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്.എഫ്.ബി.കെയിൽ ടൈംബേസ്ഡ് മീഡിയ പ്രൊഫസറാണ്. പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ കലാപ്രവർത്തനത്തെ സ്വാധീനിച്ചിട്ടുണ്ട്. 2022ലെ പന്ത്രണ്ടാമത് ബെർലിൻ ബിനാലെയുടെ ക്യൂറേറ്ററായിരുന്നു. ജോവാൻ മിറോ പ്രൈസ്, മാഴ്‌സൽ ദുഷാംപ് പ്രൈസ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL