കൊച്ചി: ജില്ലയിലെ എല്ലാ സ്‌കൂളുകളും സുരക്ഷാ പദ്ധതി തയ്യാറാക്കി 'ഉസ്‌കൂൾ" ആപ്പിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ കർശന നിർദ്ദേശം. കനത്ത മഴയിലും കാറ്റിലും പെരുമ്പാവൂർ ഓടക്കാലി ഗവ. എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയം തകർന്നു വീണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. മനോജ് മൂത്തേടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ഓടക്കാലിയിൽ തകർന്നു വീണ ഓഡിറ്റോറിയത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും ഡി.ഡി.എം.എയുടെയും ഫണ്ട് ഉപയോഗപ്പെടുത്താൻ യോഗം തീരുമാനിച്ചു. സ്‌കൂളുകളിൽ അപകടകരമായ സാഹചര്യങ്ങളുണ്ടെങ്കിൽ അത് അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു. എ.ഡി.എം കെ. മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസ്, ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എ.ഇ.ഒമാർ, ഡി.ഇ.ഒമാർ തുടങ്ങിയവർ പങ്കെടുത്തു.
കടുപ്പിക്കാൻ കാരണം
മുൻപ് തയ്യാറാക്കിയ പദ്ധതികളിൽ പല സ്‌കൂളുകളും യഥാർത്ഥ അപകടസാദ്ധ്യതകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് ജി. പ്രിയങ്ക ചൂണ്ടിക്കാട്ടി. പുതിയ പദ്ധതിയിൽ എല്ലാ അപകടസാദ്ധ്യതകളും കൃത്യമായി ഉൾപ്പെടുത്തണം. സ്‌കൂൾ വളപ്പിലോ പരിസരത്തോ അപകടകരമായ രീതിയിലുള്ള മരങ്ങളോ ചില്ലകളോ ഉണ്ടെങ്കിൽ എത്രയും വേഗം മുറിച്ചുമാറ്റണം. പാമ്പ് ശല്യം ഒഴിവാക്കാൻ കാടുപിടിച്ചു കിടക്കുന്ന പരിസരങ്ങൾ വൃത്തിയാക്കാൻ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകാൻ ഡി.ഡി.ഇയെ ചുമതലപ്പെടുത്തി. ഒരു കുട്ടി വീട്ടിൽ നിന്നിറങ്ങി സ്‌കൂളിലെത്തി തിരികെ പോകുന്നത് വരെയുള്ള സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാകണം ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കേണ്ടതെന്നും കളക്ടർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |