SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

കളിക്കളം അന്യമായി വൈപ്പിനിലെ കുട്ടികൾ

photo
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന വൈപ്പിൻ ഉപജില്ലാ കായികമേള

വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ കായികമേള എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പുരോഗമിക്കുമ്പോൾ, സ്വന്തം നാട്ടിൽ കളിക്കളമില്ലാതെ കിലോമീറ്ററുകൾ താണ്ടി നഗരത്തിലെത്തേണ്ട ദുരവസ്ഥയിലാണ് ദ്വീപിലെ വിദ്യാർത്ഥികൾ. തീരദേശത്തെ കായിക പുരോഗതിക്ക് തടസമാകുന്ന ഈ ശോച്യാവസ്ഥയ്ക്ക് കാരണം അധികാരികളുടെ ദീർഘവീക്ഷണത്തിന്റെ അഭാവമെന്നാണ് ആക്ഷേപം.
യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കാൻ കായികരംഗത്തേക്ക് തിരിച്ചുവിടേണ്ടത് അനിവാര്യമാണെന്നിരിക്കെ, അവസരങ്ങളുടെ കുറവ് തിരിച്ചടിയാകുന്നു. പഞ്ചായത്തുകൾതോറും ഗ്രൗണ്ടുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ടവർ കാണിക്കുന്ന നിസംഗത പ്രതിഷേധാർഹമാണ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായിട്ടും ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം ലഭ്യമല്ല. ഒട്ടേറെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഏഷ്യൻ ഗെയിംസ് പായ്‌വഞ്ചി തുഴച്ചിലിൽ (സ്‌കിഫ്) വെള്ളി മെഡൽ നേടിയ പള്ളിപ്പുറം സ്വദേശി പ്രിൻസ് നോബിൾ അടക്കമുള്ളവർ വൈപ്പിൻകരയുടെ കായികക്ഷമതയ്ക്ക് തെളിവാണ്. ക്രിക്കറ്റ്, ഫുട്ബാൾ, സെപക് താക്രോ, വോളിബാൾ ഇനങ്ങളിൽ ദേശീയതലത്തിൽ ഇവിടുത്തെ കുട്ടികൾ സാന്നിദ്ധ്യമറിയിക്കുന്നു. അർഹമായ പരിശീലനവും പിന്തുണയും നൽകിയാൽ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മുൻകാല നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

എടവനക്കാട് ഇല്ലത്തുപടി സംഘം ഗ്രൗണ്ട്, ഞാറക്കൽ ജയ്ഹിന്ദ് മൈതാനം, നായരമ്പലം ഗ്രൗണ്ട്, മാലിപ്പുറം മൈതാനം എന്നിവ ഒരുകാലത്ത് സജീവമായിരുന്നു. കളിക്കളങ്ങളുടെ അഭാവം കുട്ടികളെ മൊബൈൽ ഗെയിമുകളിലേക്കും ലഹരിയിലേക്കും തള്ളിവിടുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ ടർഫുകൾ സാധാരണക്കാർക്ക് താങ്ങാനാകില്ല.

പ്രതിസന്ധി പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്ത് വിദ്യാലയങ്ങളെയും കായിക പ്രതിഭകളെയും ഉൾപ്പെടുത്തി ചർച്ച നടത്തണം. വികസന പദ്ധതികൾ തയ്യാറാക്കി സർക്കാരിൽനിന്ന് ഫണ്ട് അനുവദിപ്പിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം. വാർഡ് തലത്തിൽ കൊച്ചു കളിസ്ഥലങ്ങളും നീന്തൽ പരിശീലന കേന്ദ്രങ്ങളും നിർമ്മിക്കണമെന്നാണ് ആവശ്യം.

മാലിപ്പുറം സ്വതന്ത്ര മൈതാനം, മുനമ്പം കച്ചേരി മൈതാനം, ഞാറക്കൽ ജയ്‌ഹിന്ദ് മൈതാനം എന്നിവ 1 കോടി രൂപ വീതം ചെലവഴിച്ച് നവീകരിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി വിട്ടുനൽകിയിട്ടില്ല. എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം പഞ്ചായത്തുകളിൽ കളിസ്ഥലങ്ങളില്ല. 51 വിദ്യാലയങ്ങളുള്ള വൈപ്പിൻ ഉപജില്ലയുടെ കായികഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL