SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

അരൂർ - തുറവൂർ മേൽപ്പാത ഇനിയും ഇഴയും

road

കൊച്ചി: ദേശീയപാത 66ലെ അരൂർ - തുറവൂർ മേൽപ്പാത ഈ വർഷം ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു. തുറവൂർ ജംഗ്ഷനിൽ അവസാനിക്കുന്ന ഭാഗത്തെ ആശയക്കുഴപ്പമാണ് ഇപ്പോൾ പ്രശ്നം. ഡിസംബറിൽ പാത തുറക്കാനാകുമെന്നായിരുന്നു കരുതിയിരുന്നത്.

തുറവൂർ മഹാക്ഷേത്രത്തിന് മുന്നിലേക്ക് ആറുവരി പാത ഇറങ്ങുമ്പോൾ ഇവിടെ വാഹനപ്പെരുപ്പം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നാണ് ഇപ്പോൾ വിലയിരുത്തൽ. നിലവിൽ വലിയ ഗതാഗതതടസം അനുഭവിക്കുന്ന സ്ഥലമാണിവിടം. 150 മീറ്റർ കൂടി മുന്നോട്ടു മാറ്റി മേൽപ്പാത നിലം തൊടുവിക്കാനാണ് പുതിയ പദ്ധതി. ഇതിനായി ആറ് സ്പാനുകൾ കൂടി സ്ഥാപിക്കണം. ഇതിന് കുറഞ്ഞത് അഞ്ചു മാസമെങ്കിലും വേണ്ടിവരും. ഈ ഭാഗത്തെ ദേശീയ പാതയിലെ തിരക്കിന് മേൽപ്പാത വരുന്നതോടെ ശമനമുണ്ടാകും. തുറവൂർ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറുവരിപ്പാത നിർമ്മാണവും പുരോഗമിക്കുകയാണ്.

മേൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. അരൂരിലും തുറവൂരിലും താഴെയുള്ള റോഡിലേക്ക് മുട്ടിക്കുന്ന അപ്രോച്ച് റോഡ് പണി മാത്രമാണ് അവശേഷിക്കുന്നത്. മേൽപ്പാതയുടെ ലോഡ് ടെസ്റ്റിംഗും ഉടനെ ആരംഭിക്കും.

വാഹനങ്ങൾക്ക് പാതയിലേക്ക് കയറാനും ഇറങ്ങാനുമായി അരൂർ, തുറവൂർ,​ എരമല്ലൂർ എന്നിവിടങ്ങളിൽ മൂന്നു റാമ്പുകൾ മാത്രമാണ് ഉണ്ടാവുക. ഇതിന്റെ പണികളും പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്ന് പാർലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു. ഇതിനൊപ്പം തന്നെയാകും മേൽപ്പാതയും തുറക്കുക.

മണ്ണിടിയുമെന്ന് ആശങ്ക

കഴിഞ്ഞ ഫെബ്രുവരി​യിൽ നിർമ്മാണം പൂർത്തിയാക്കി​ ദേശീയപാത അതോറിറ്റിക്ക് കൈമാറണമെന്നായി​രുന്നു കരാർ. മറ്റു പല പ്രദേശങ്ങളി​ലും മണ്ണി​ടി​ഞ്ഞ് വീണ് പുനർനി​ർമ്മാണം വേണ്ടി​വന്നതി​നാലാണ് മൊത്തം പദ്ധതി​ വൈകി​യത്. ആലപ്പുഴ - കൊല്ലം സ്ട്രെച്ചി​ലും അണ്ടർ പാസി​ന് വേണ്ടി​ നി​ർമ്മി​ച്ച പാലങ്ങളുടെ അപ്രോച്ച് റോഡി​ന് വേണ്ടി​ പൂഴി​ മണ്ണി​ട്ടാണ് ഉയരം കൂട്ടി​യി​ട്ടുള്ളത്. ഇവി​ടെയും മണ്ണി​ടി​ച്ചി​ലുണ്ടാകുമോ എന്ന ആശങ്കകളുമുണ്ട്.

ഒറ്റത്തൂണിലെ

നീളമേറിയ പാത

ഒറ്റത്തൂണിൽ പണിത രാജ്യത്തെ ഏറ്റവും നീളം കൂടിയ ആറുവരിപ്പാതയാണ് അരൂർ - തുറവൂർ. ആദ്യം നിശ്ചയിച്ച 12.75 കി.മീ പാത പണിതീരുമ്പോൾ 13.23 കിലോമീറ്ററാകും.

ചെലവ് : 2200 കോടി

ഉയരം : 9 മീറ്റർ

വീതി : 24.5 മീറ്റർ

തൂണുകൾ : 364

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL