SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.35 PM IST

ഒറ്രസ്വരം, ജയിക്കും

election

കൊച്ചി: 14 മണ്ഡലങ്ങൾ. 42 മുന്നണി സ്ഥാനാ‌ർത്ഥികൾ. സ്വതന്ത്രരും ജനകീയ സംഘടനാ സ്ഥാനാർത്ഥികളും വേറെ. ഇന്ന് ഉച്ചവരെ ഇവരെല്ലാം പ്രതീക്ഷയുടെ കുടക്കീഴിലാണ്. കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിച്ച ഇവരിൽ നിന്ന് ആരെല്ലാം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി പിടിക്കും ? ഉത്തരം ഉച്ചയോടെ അറിയാം. ഒരു മാസത്തോളം പോരാട്ടഭൂമിയിലായിരുന്നു സ്ഥാനാ‌ർത്ഥികളും നേതാക്കളും. ഇവരുടെ ഒടുവിലെ വിജയപ്രതീക്ഷ ഇങ്ങനെ.

അനൂപ് ജേക്കബ്

( പിറവം)

ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ആലോചിച്ചതും പ്രതീക്ഷിച്ചതും ഒരു കാര്യം മാത്രമാണ്. ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച 12000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയം. മുന്നണി അധികാരത്തിൽ വരണമെന്നും. ഇതു രണ്ടു ജനം തീരുമാനിച്ചു കഴിഞ്ഞതാണ്. ഇന്ന് ഈ സന്തോഷവാർത്ത അറിയാം. പ്രത്യേകിച്ച് ഒന്നുമില്ല. രാവിലെ കൗണ്ടിംഗ് സ്റ്റേഷനിലുണ്ടാകും. അതുകഴിഞ്ഞാൽ വീട്ടിൽ. സാമൂഹിക മാദ്ധ്യമങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടും. ജനങ്ങളെ നേരിൽ കാണാൻ ഈ സാഹചര്യത്തിൽ ഇതേല്ലേ കഴിയൂ.

കെ.ബാബു

(തൃപ്പൂണിത്തുറ)

വലിയ പ്രതീക്ഷയുണ്ട്. യു.ഡി.എഫിനായി മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കും. അതിനൊരു കാരണമുണ്ട്. കഴിഞ്ഞ തവണ എനിക്ക് നഷ്ടപ്പെട്ട നിഷ്പക്ഷ വോട്ടുകൾ തിരികെ വന്നിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. നല്ല മത്സരമാണ് ഇക്കുറി നടന്നതെന്നാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് വലിയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങൾ എത്തില്ല. വീട്ടിലിരുന്നായിരിക്കും ഫലപ്രഖ്യാപനം കാണുക. കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പോകുന്നില്ല.ചപുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമല്ലേ. എല്ലാവരേയും പോലെ ഞാനും വീട്ടിലിരിക്കും.

ടി.ജെ വിനോദ്

(എറണാകുളം)

വിജയം ഉറപ്പാണ്. അതുകൊണ്ട് ടെൻഷൻ ഒന്നുമില്ല. സാധാരണ ലഭിക്കുന്ന വോട്ടിന്റെ ഇരട്ടി ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് ആഹ്ലാദ പ്രകടനം ഒന്നും പാടില്ലെന്ന നിർദേശം എല്ലാവർക്കും ഇന്നലെ തന്നെ നൽകി. അതു ഉറപ്പാക്കും. അതിന്റെയെല്ലാം തിരിക്കിലായിരുന്നു ഇന്നലെ. ജില്ലയിൽ യു.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കും. ഇന്ന് ഡി.സി.സി ഓഫീസിലായിരിക്കും മുഴുവൻ സമയവും.

എൽദോ എബ്രഹാം

(മൂവാറ്രുപുഴ)

പോളിംഗ് കുറഞ്ഞതിൽ ആശങ്കയോ അമ്പരപ്പോ ഇല്ല.മൂവാറ്രുപുഴയിൽ എൽ.ഡി.എഫ് തന്നെ ജയിക്കും. ട്വന്റി20യുടെ സാന്നിദ്ധ്യം ഒരു പ്രധാന ഘടകമാണ്.യു.ഡി.എഫ് കോട്ടകളിൽ അവ‌ർ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. എൽ.ഡി.എഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും വിജയത്തെ ബാധിക്കില്ല. ഇന്നലെ ആന്റിജൻ ടെസ്റ്ര് നടത്തി. കൗണ്ടിംഗ് സ്റ്റേഷൽ രാവിലെ പോകും. ആദ്യ ട്രെൻഡ് പുറത്തുവരുന്നതോടെ പാ‌ർട്ടി ഓഫീസിലേക്ക് തിരിക്കും. ഇവിടെ നിന്നും പിന്നീട് സി.പി.എം ഓഫീസിൽ പോകാനും പ്രധാന വ്യക്തികളെ കാണാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ടോണി ചമ്മിണി

(കൊച്ചി)

യാതൊരു ടെഷൻഷനുമില്ല.വിജയം ഉറപ്പല്ലേ,പിന്നെ എന്തിനാണ് ടെൻഷൻ. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കരുതുന്നത്. കൗണ്ടിംഗ് സ്റ്റേഷനിൽ പോകും. പിന്നെ ഡി.സി.സി ഓഫീസിൽ പോയി നേതാക്കളെ കണ്ട് തിരികെ കൊച്ചിയിൽ വരും. പിന്നെ കൊച്ചിയിൽ തന്നെയായിരിക്കും. ഇന്നലെ ചില ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകളിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ കാണാനാണ് ഉദ്ദേശിക്കുന്നത്.

ഷാജി ജോ‌ർജ്

(എറണാകുളം)

എറണാകുളത്ത് ഇക്കുറി ചരിത്രം തിരുത്തിക്കുറിക്കും. ഏകദേശം 2000വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. പാ‌‌ർട്ടി വോട്ടുകൾക്ക് പുറമേ വ്യക്തിബന്ധങ്ങൾ കൂടി ഗുണം ചെയ്യുമെന്ന് കരുതുന്നു. ഇന്നലെ പാ‌ർട്ടി പ്രവർത്തകരുമായി സംസാരിച്ചിരുന്നു. അവരെല്ലാം പ്രതീക്ഷയിലാണ്. കൗണ്ടിംഗ് ഏജന്റുമാരുടെ ഒപ്പമായിരുന്നു വൈകുന്നേരം. ഇന്ന് രാവിലെ കൗണ്ടിംഗ് സ്റ്റേഷനിലും പിന്നീട് പാ‌ർട്ടി ഓഫീസിലും പോകാനാണ് തീരുമാനം. സുഹൃത്തുക്കളുമായി സംസാരിക്കാനും സമയം മാറ്റിവയ്ക്കും.

പി.രാജു

(സി.പി.ഐ ജില്ലാ സെക്രട്ടറി)

പാർട്ടി പ്രവർത്തകരുമായും മറ്രും ഇന്നലെ ഫലപ്രഖ്യാപനം സംബന്ധിച്ച് സംസാരിച്ചിരുന്നു. ജനങ്ങൾക്ക് എൽ.ഡി.എഫ് വരണമെന്നാണ് ആഗ്രഹം. എറണാകുളത്ത് ഏഴ് സീറ്റ് ജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. സി.പി.ഐ രണ്ട് സീറ്റിലും വിജയിക്കും. വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. 2000 -2500വരെയാണ് പ്രതീക്ഷ. ഫലപ്രഖ്യാപനം പാർട്ടി ഓഫീസിലിരുന്നാകും കാണുക. രാവിലെ ആറോടെ ഓഫീസിലെത്തും. ഉച്ചയ്ക്ക് ശേഷം പാർട്ടിപ്രവർത്തകരുമായി പ്രാഥമിക വിലയിരുത്തൽ നടത്താനും ആലോചിക്കുന്നുണ്ട്.

ബാബു ജോർ‌ജ്

(ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ്)

എൽ.ഡി.എഫ് ഇക്കുറി മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ഏഴിലധികം സീറ്രാണ് പ്രതീക്ഷ. അങ്കമാലി തിരിച്ചുപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രാഥമിക വിലയിരുത്തലിൽ 3000ൽ താഴേ വോട്ടുകൾക്ക് മണ്ഡലം പിടിക്കാനാകും. ഇന്നലെ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഫലത്തെക്കുറിച്ച് ആശങ്കയൊന്നുമില്ല. വീട്ടിലിരുന്ന് ഫലമറിയും. മറ്റൊരു പരിപാടിയും ഈ സാഹചര്യത്തിൽ പാടില്ലല്ലോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ELECTION, RESULTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL