SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.01 PM IST

ഇനി റെയിൽവേ സ്റ്റേഷനിൽ വച്ചും ആപ്പ് വഴി ടിക്കറ്റെടുക്കാം

ticket

കൊച്ചി: യു.ടി.എസ് ഓൺ മൊബൈൽ' എന്ന ടിക്കറ്റിംഗ് ആപ്പ് വഴി യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും ഇനി ഉടനടി എടുക്കാം. സ്റ്റേഷന്റെ 20 മീറ്റർ പരിധിക്കുള്ളിൽ വന്നാൽ നേരത്തെ ഈ ആപ്പ് ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ഈ തലവേദനയ്ക്കും ഇപ്പോൾ പരിഹാരമായിരിക്കുന്നു. സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യു.ആർ കോഡ്, ആപ്പിലൂടെ സ്കാൻ ചെയ്താൽ, പ്ലാറ്റ്ഫോമിൽ പ്രവേശിയ്ക്കുന്നതിന് മുമ്പുതന്നെ അതേ സ്റ്റേഷനിലെ ടിക്കറ്റ് എടുക്കാൻ കഴിയും. ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർ പരിശോധന സമയത്ത് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. അതിന് നെറ്റ് കണക്ഷൻ ആവശ്യമില്ല. പേപ്പർ ടിക്കറ്റ് നിർബന്ധമാണെങ്കിൽ ടിക്കറ്റിന്റെ നമ്പർ നൽകി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്ന് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കാനും കഴിയും.

ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റ് എടുക്കാനാകില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദിക്കുക. അധിക നിരക്ക് ഈടാക്കില്ലെന്നതാണ് യു.ടി.എസ് ഓൺ മൊബൈൽ ആപ്പിന്റെ സവിശേഷത. ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ, പേയ്‌മെന്റ് വാലറ്റുകൾ എന്നിവയിലൂടെ പണം അടയ്ക്കാവുന്നതാണ്. റെയിൽ വാലറ്റിൽ നിക്ഷേപിയ്ക്കുന്ന മുൻകൂർ തുകയ്ക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്.

ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന 'സെൻറ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ( സി.ആർ.ഐ.എസ്) ആണ് ആപ്പ് വികസിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL