SignIn
Kerala Kaumudi Online
Monday, 15 June 2026 12.12 AM IST

കഞ്ഞിക്കുഴിയിൽ കാട്ടാനയാക്രമണം, സഹോദരങ്ങളുടെ വീടുകൾ തകർത്തു

house

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാലിൽ ഇടത്തട്ടിൽ കാട്ടാന സഹോദരങ്ങളുടെ വീടുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ചേലച്ചുവട്ടിൽ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് കാട്ടാനകൾ ആക്രമിച്ച് നശിപ്പിച്ചത്. സംഭവസമയം വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പത്രോസ് മകനുമായി ആശുപത്രിയിൽ പോയിരുന്നതിനാൽ ആരും വീട്ടിലുണ്ടായിരുന്നില്ല. ബേബിയുടെ കുടുംബവും വീട്ടിൽ നിന്ന് മാറി നിന്ന സമയത്താണ് കാട്ടാനകൾ എത്തിയത്. ഇവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം. രാത്രിയിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകൾ വീടുകളുടെ വാതിലുകളും ജനാലകളും തകർത്ത് അകത്ത് കടന്നു. വീടിനുള്ളിലെ വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഭാഗങ്ങൾ തകർത്ത് അരിയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും തിന്നു. വീടുകളുടെ ഉൾഭാഗങ്ങളിൽ വൻ നാശമാണ് ഉണ്ടാക്കിയത്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.

സ്ഥിരം സംഭവം,

നിരീക്ഷണം ശക്തമാക്കണം

കാട്ടാനകൾ കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും വിളകൾ തിന്നുന്നതും ഇവിടെ പതിവാണ്. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യം കാരണം പ്രദേശവാസികൾ ഭീതിയിലാണ്. സമീപ വനമേഖലയായ പാൽക്കുളം, മണിയാറൻ കുടി ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ സ്ഥിരമായി ഈ പ്രദേശത്തേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകൾ തകർന്ന കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് യഥാസമയം സഹായം ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL