ഇടുക്കി: പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഏകജാലകത്തിലൂടെ ജില്ലയിൽ പ്രവേശനം നേടിയത് 6268 വിദ്യാർഥികൾ. എട്ടിനാണ് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ 6,224 വിദ്യാർഥികൾക്കായിരുന്നു അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റിൽ പക്ഷേ 57 പേർക്ക് മാത്രമാണ് അധികമായി പ്രവേശനം ലഭ്യമായത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി, സ്‌പോർട്സ് ക്വാട്ട, അൺഎയ്ഡഡ് സീറ്റുകളൊഴികെയുള്ള സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് നടക്കുന്നത്. ഇവയെല്ലാം ഉൾപ്പെടെ 237 ബാച്ചുകളിലായി 11,839 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിൽ ഏകജാലക പരിധിയിൽ വരുന്നത് 7756 സീറ്റുകളാണ്. 1488 സീറ്റുകളിൽ അലോട്ട്‌മെന്റ് നടന്നിട്ടില്ല. 11,458 പേരാണ് സീറ്റിനായി അപേക്ഷിച്ചിരുന്നത്. ഇവരിൽ 1210 പേർ ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. മൂന്ന് മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്ക് അഡ്മിഷനായി 273 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഈ വിഭാഗത്തിൽ ആകെയുള്ള 139 സീറ്റുകളിൽ മുഴുവനും ആദ്യ അലോട്ട്‌മെന്റായിട്ടുണ്ട്. ജനറൽ വിഭാഗത്തിനുള്ള 3629 സീറ്റുകളിൽ മുഴുവൻ അലോട്ട്‌മെന്റായി. ഭിന്നശേഷിക്കാർക്കുള്ള 201 സീറ്റിൽ 53ലും കാഴ്ചപരിമിതർക്കുള്ള 18 സീറ്റിൽ 10ലും വിദ്യാർഥികൾ അലോട്ട്‌മെന്റ് നേടി. 99.28 ശതമാനമായിരുന്നു ജില്ലയിലെ എസ്.എസ്.എൽ.സി വിജയശതമാനം. 5486 ആൺകുട്ടികളും 5151 പെൺകുട്ടികളുമുൾപ്പെടെ 10,637 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,560 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
3 മുഖ്യ അലോട്ട്മെന്റുകൾ
മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്‌മെന്റുകളാണ് ഉണ്ടാകുക. ജൂലായ് ഒന്നോടെ മുഖ്യ അലോട്ട്‌മെന്റുകൾ അവസാനിപ്പിച്ച് രണ്ടിന് ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ജൂലായ് 13 മുതൽ ആഗസ്റ്റ് അഞ്ചു വരെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. ആഗസ്റ്റ് അഞ്ചോടെ പ്രവേശന നടപടികൾ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |