തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറയിലെ പമ്പ് ഹൗസിന്റെ അപകടാവസ്ഥ അടിയന്തരമായി പരിഹരിച്ചു. കാലപ്പഴക്കത്താൽ പമ്പ് ഹൗസിന്റെ താഴ്ഭാഗത്തെ കോൺക്രീറ്റ് ഇളകി വലിയ അപകടഭീഷണിയിലായിരുന്നു ഈ പ്രദേശം. അണക്കെട്ടിലെ ഷട്ടറിന്റെ നവീകരണത്തിന് വേണ്ടി ജലനിരപ്പ് ഏതാനും ദിവസങ്ങളായി താഴ്ത്തിയപ്പോഴാണ് പമ്പ് ഹൗസിന്റെ കോൺക്രീറ്റ് ഇളകി, കമ്പിയും മറ്റും ദ്രവിച്ച് തകർച്ചയുടെ വക്കിലായ അവസ്ഥ പ്രദേശവാസിയായ താന്നിക്കാമറ്റത്തിൽ ഉദയന്റെ ശ്രദ്ധയിൽപെടുന്നത്. ഉദയൻ ഉടനടി വിവരം വാർഡ് മെമ്പർ എം. എ. ഷബീറിനെ അറിയിച്ചു. സ്ഥലത്തെത്തിയ മെമ്പർ അപകടാവസ്ഥയുടെ ചിത്രങ്ങൾ ഉൾപ്പെടെ വാട്ടർ അതോറിട്ടി അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കെത്തിയ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയുമായിരുന്നു. ആറ് മീറ്റർ വ്യാസമുള്ള പമ്പ് ഹൗസിന്റെ കോൺക്രീറ്റ് ഇളകിയ താഴ്ഭാഗത്ത്, മൂന്ന് മീറ്ററോളം ഉയരത്തിൽ 30 സെന്റീമീറ്റർ ഘനത്തിൽ വീണ്ടും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. ജലജീവൻ മിഷൻ പദ്ധതിയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളായി തുടർന്ന നവീകരണ പ്രവൃത്തികൾ ഞായറാഴ്ചയോടെയാണ് പൂർത്തിയായത്.
മുൻ മന്ത്രി ടി.എം. ജേക്കബിന്റെ കാലഘട്ടത്തിലാണ് മുട്ടം പഞ്ചായത്ത് പ്രദേശത്തേക്ക് എൽ.ഐ.സിയുടെ സാമ്പത്തിക സഹായത്തോടെ ഈ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ മുട്ടം പഞ്ചായത്തിലേക്ക് മാത്രമായിരുന്നു പമ്പിങ് . പിന്നീട് ഇത് കരിങ്കുന്നം പഞ്ചായത്തിലേക്കും നീട്ടി. മുട്ടം പ്രദേശത്തേക്ക് 90 കുതിരശക്തിയുടെ രണ്ട് മോട്ടോറുകളും കരിങ്കുന്നത്തിന് 68 കുതിരശക്തിയുടെ ഒരു മോട്ടോറുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, മുട്ടം പ്രദേശത്തേക്കുള്ള 90 കുതിരശക്തിയുടെ പുതിയ മോട്ടോർ ഏതാനും നാളുകളായി പ്രവർത്തനരഹിതമാണ്. നിലവിൽ പഴയ 90 എച്ച്.പി മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ് തുടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |