SignIn
Kerala Kaumudi Online
Thursday, 02 July 2026 11.43 PM IST

ചെമ്മണ്ണിലെ കൂടിയിറക്ക്: നീതിതേടി കുടുംബങ്ങൾ

vhemmannu-nivedanam

മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം നൽകി

പീരുമേട്: ചെമ്മണ്ണിലെ സ്ഥിരതാമസക്കാരായ 33 കുടുംബങ്ങളുടെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി മുഖ്യമന്ത്രിയുടെ അരുകിലേയ്ക്ക്. സിറിയക്‌ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഏലപ്പാറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കൂടിയിറക്ക് ഭീഷണിനേരിടുന്നവരും മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ച് നിവേദനം നൽകി.വിഷയം വിശദമായി പരിശോധിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനൽകിയതായി എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞു. കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചില കുടിയിറക്കൽ നടപടികൾ നടന്നിരുന്നു. ഇതേ തുടർന്ന് ജനങ്ങളുടെ ആശങ്കകൾ നേരിട്ട് അറിയാൻ എം.എൽ.എയുടെയും ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ താമസക്കാരായ കുടുംബങ്ങളുടെ അടിയന്തരയോഗം വിളിച്ചിരുന്നു. ഇവരുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട്‌ കേൾക്കുകയും ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രഞ്ജിത്ത്, മെമ്പർമാരായ ജയ്മോൻ, ജി ജേക്കബ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഭീഷണിഒഴിഞ്ഞത് ആത്മഹത്യാശ്രമത്തെ തുടർന്ന്

ജൂൺ 17ന് കുടിയിറക്ക് ഭീഷണിനേരിടുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ പൊലീസുമായി കോടതി ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ ഒരു കുടുംബത്തിലെ ഗൃഹനാഥൻ ആത്മഹത്യാശ്രമത്തിന് മുതിർന്നതോടെ താൽക്കാലികമായി കുടിയൊഴിപ്പിക്കൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. തുടർന്ന്
സി.പി.എം ജില്ലാസെക്രട്ടറി സി.വി വർഗീസും സ്ഥലത്തെത്തിയതോടെ സി.പി.എം. പ്രവർത്തകരും
ഈ പ്രശ്നം ഏറ്റെടുത്തിരുന്നു. ഇവിടെ ആദ്യം കുടിയേറിയ കാളി പെണ്ണമ്മയ്ക്ക് 1971ലാണ് പട്ടയം കിട്ടുന്നത്. ഭൂമി മറ്റ് പലരും വിലയ്ക്ക് വാങ്ങി വീട് വെച്ച് താമസിക്കുകയാണ്. ഈ സ്ഥലത്തിന് പട്ടയം ഉണ്ടെന്നു പറഞ്ഞു ഹെലിബ്രിയാ ടീ കമ്പനി ഉടമ 1997 മുതൽ ഇവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടത്തിവരികയാണ്. ഈ ഭൂമിക്ക് തന്റെ കൈവശവും പട്ടയം ഉണ്ടെന്നാണ്‌ തോട്ടം ഉടമയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ വ്യവഹാരങ്ങൾ നിലനിൽക്കുന്നുണ്ട്. ചില റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ഇവിടുത്തെ താമസക്കാർ പറയുന്നത്.

''കോടതി ഉത്തരവുകളെ പൂർണമായി ബഹുമാനിച്ചുകൊണ്ടുതന്നെ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഈ കുടുംബങ്ങളെ സഹായിക്കുന്നതിനായി ശാശ്വതപരിഹാരമാണ്‌ വേണ്ടത്. അതിനായാണ് ശ്രമിക്കുന്നത് '' സിറിയക്‌ തോമസ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL