മൂന്നാർ: ചിന്നക്കനാൽ നിവാസികളുടെ ഉറക്കം കെടുത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി സ്വതന്ത്രമായൊരു ആർ.ആർ.ടി സംഘം പ്രവർത്തനം ആരംഭിക്കുന്നു. നിലവിലുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളെ മറികടന്ന്, അത്യാധുനിക സംവിധാനങ്ങളോടെയും കൂടുതൽ ജീവനക്കാരുടെയും പിന്തുണയോടെയുമാണ് പുതിയ സേന രംഗത്തിറങ്ങുന്നത്. മനുഷ്യ വന്യമൃഗ ശല്യം ഒഴിവാക്കുക മാത്രമാണ് ഇവരുടെ ചുമതല. ഇതുവരെ ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള ഒരു ഇന്റേണൽ ആർ.ആർ.ടി മാത്രമാണ് ചിന്നക്കനാലിൽ പ്രവർത്തിച്ചിരുന്നത്. തുച്ഛമായ ഫണ്ടും ആവശ്യത്തിന് വാഹനങ്ങളുമില്ലാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഈ വിഭാഗം.
വനംവകുപ്പിന് സ്വന്തമായി വണ്ടികളില്ലാതിരുന്നതിനാൽ യു.എൻ.ഡി.പി സ്‌പോൺസർ ചെയ്ത ഒരൊറ്റ വാഹനം മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. വന്യമൃഗങ്ങളെ തുരത്തുന്നതിനൊപ്പം തന്നെ കാട്ടുതീ തടയലടക്കമുള്ള മറ്റ് വനസംരക്ഷണ പ്രവർത്തനങ്ങളിലും ഈ എട്ടംഗ സംഘത്തിന് ഏർപ്പെടേണ്ടി വന്നിരുന്നു. ഇത് ജനവാസമേഖലകളിലെ അടിയന്തര ഇടപെടലുകളെ പലപ്പോഴും ബാധിച്ചിരുന്നു.
വന്യമൃഗ ശല്യത്തിന് അടിയന്തരമായി തടയിടാൻ പൂർണ്ണ സജ്ജമായാണ് പുതിയ സ്വതന്ത്ര ആർ.ആർ.ടി.യുടെ വരവ്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയിൽ കഴിയുന്ന ചിന്നക്കനാലിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വലിയ ആശ്വാസം പകരുന്നതാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം. പുതിയ സേന നിലവിൽ വരുന്നതോടെ ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകളെ കൃത്യസമയത്ത് നിരീക്ഷിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സാധിക്കുമെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.
An independent RRT team is starting its work with the aim of finding a permanent solution to the wild elephant nuisance that is disturbing the sleep of Chinnakanal residents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |