
മൂലമറ്റം: തികച്ചും ജനാധിപത്യരീതിയിൽ നടന്ന അറക്കുളം സെന്റ് തോമസ് യു.പി സ്‌കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി. ഭാവി പൗരന്മാരിൽ ജനാധിപത്യബോധവും നേതൃഗുണവും വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. പൂർണമായും പൊതുതിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്. പത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും പരസ്യപ്രചാരണവും നിശബ്ദപ്രചാരണവുമെല്ലാം പൂർത്തിയാക്കിയായിരുന്നു തിരഞ്ഞെടുപ്പ് . സ്‌കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ ഉൾപ്പെടെ 7 പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 40 ഓളം സ്ഥാനാർത്ഥികൾ വാശിയോടെ മത്സരിച്ചു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് കുട്ടികൾ വോട്ട് രേഖപ്പെടുത്തിയത്. പൂർണമായും അച്ചടക്കത്തോടെ വരി നിന്ന് വിദ്യാർത്ഥികൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതും ശ്രദ്ധേയമായി. സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിലെ അംഗങ്ങളാണ് പോളിംഗ് ഓഫീസർമാരായത്. യഥാർത്ഥ പോളിംഗ് സ്റ്റേഷന്റെ അന്തരീക്ഷം സ്‌കൂളിൽ സൃഷ്ടിക്കാൻ അദ്ധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും പിന്തുണയോടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. രാവിലെ നടന്ന വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു. ഹെഡ് ബോയ് - മിലൻ ടോം, ഹെഡ് ഗേൾ - എൽറിയ റെജി, ആർട്സ് ക്ലബ് സെക്രട്ടറി - മുഹമ്മദ് അമ്മാൻ, സ്‌കൂൾ സ്‌പോർട്സ് ക്യാപ്റ്റൻ - മുഹമ്മദ് അൻസാഫ് എന്നിവരാണ്. അഞ്ചാംക്ലാസ് പ്രതിനിധിയായി ഇഷാന ഹബീബ്, ആറാംക്ലാസ് പ്രതിനിധിയായി നിരഞ്ജന രതീഷ്, ഏഴാംക്ലാസ് പ്രതിനിധിയായി നിയാമത്തുള്ള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികൾക്ക് സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷാകർത്താക്കളും ആശംസകൾ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |