SignIn
Kerala Kaumudi Online
Sunday, 06 September 2026 2.46 PM IST

നിയന്ത്രണംവിട്ട കാർ പെട്ടിക്കട തകർത്ത് താഴേക്ക് പതിച്ചു

accident
വെൺമണി ഇഞ്ചപ്പാറക്കവലയിൽ നിയന്ത്രണംവിട്ട കാർ പെട്ടിക്കട തകർത്ത് താഴേക്ക് പതിച്ചപ്പോൾ

ചെറുതോണി: നിയന്ത്രണം വിട്ട കാർ റോഡരികിലെ പെട്ടിക്കട തകർത്ത് താഴേക്ക് പതിച്ചു. അപകടത്തിൽ കാർ യാത്രികരായ മുൻ ഇടുക്കി തഹസിൽദാർ വിൽസൺ ജോസഫും ഭാര്യയും കടയുടമ നരിക്കുഴിയിൽ കുട്ടിച്ചനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ വണ്ണപ്പുറത്തിനും ചേലച്ചുവടിനും ഇടയിൽ വെൺമണി ഇഞ്ചപ്പാറക്കവലയിലെ സ്ഥിരം അപകടവളവിലായിരുന്നു വീണ്ടും അപകടം. വണ്ണപ്പുറത്ത് നിന്ന് കഞ്ഞിക്കുഴിയിലേക്ക് വരികയായിരുന്ന വിൽസൺ ജോസഫും ഭാര്യയും സഞ്ചരിച്ച കാറാണ് ഇഞ്ചപ്പാറക്കവലയിലെത്തിയപ്പോൾ നിയന്ത്രണം വിട്ടത്. റോഡരികിലെ പെട്ടിക്കട ഇടിച്ചുതകർത്ത കാർ താഴേക്ക് പതിക്കുകയായിരുന്നു. കടയുടെ മുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന കടയുടമ കുട്ടിച്ചൻ സമീപത്തേക്ക് തെറിച്ചുവീണു. താഴേക്ക് പതിച്ച കാറിൽ കുടുങ്ങിയ വിൽസൺ ജോസഫിനെയും ഭാര്യയെയും ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഇരുവർക്കും സാരമായ പരിക്കുകളില്ല. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കുട്ടിച്ചൻ പറഞ്ഞു.
അപകടങ്ങൾ തുടർക്കഥയായിട്ടും ഇഞ്ചപ്പാറക്കവലയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന് സംരക്ഷണവേലിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ റോഡരികിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കഴിയുന്നവരും ജോലി ചെയ്യുന്നവരും നിരന്തരം അപകടഭീഷണിയിലാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് പലപ്പോഴും വൻ ദുരന്തങ്ങൾ ഒഴിവാകുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇഞ്ചപ്പാറക്കവലയിലെ ഈ വളവിൽ ഇതിനകം രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലുതും ചെറുതുമായ നിരവധി അപകടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സർവീസ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാന റോഡിലാണ് അപകടഭീഷണി നിലനിൽക്കുന്നത്. വളവിൽ അടിയന്തരമായി സംരക്ഷണവേലിയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കി അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL