
പീരുമേട്: ഒരു നിയന്ത്രണവുമില്ലാതെയാണ് ഓഫ് റോഡ് വാഹനങ്ങൾ ചീറിപ്പായുന്നത്. വാഗമൺ, സത്രം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഇവിടങ്ങളിലേക്ക് പോകുന്ന ഓഫ് റോഡ് വാഹനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്. വാഗമണ്ണിൽ ഏതാനും മാസങ്ങൾക്കു മുമ്പ് ഓഫ് റോഡ് വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് പറ്റി. തമിഴ്നാട്ടിൽ നിന്ന് എത്തിയ ടൂറിസ്റ്റുകളുമായി പോയ ഓഫ് റോഡ് ജീപ്പ് കൊക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരിക്ക് പറ്റി.
വാഗമണ്ണിൽ തന്നെ ടൂറിസ്റ്റുകളുമായി എത്തിയ ഓഫ് റോഡ് ജീപ്പ് കൊക്കയിൽ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക് പറ്റി. അമിതവേഗത്തിൽ എത്തിയ ഓഫ് റോഡ് ജീപ്പ് മറ്റൊരു വാഹനത്തെ മറികടകുമ്പോഴാണ് കൊക്കയിലേക്ക് മറിഞ്ഞത്.
കഴിഞ്ഞ വർഷം സെപ്തംബർ 4ന് ഓഫ് റോഡ് ജീപ്പ് വാഗമൺ കമ്പിപ്പാലം വ്യൂ പോയിന്റിന് സമീപം മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് അന്നും പരിക്ക് പറ്റി.
കുമളിയിൽ നിന്നും സത്രത്തിലേക്ക് പോകുന്ന ഓഫ് റോഡ് വാഹനങ്ങൾ ദേശീയപാതയിൽ തന്നെ നിരവധി അപകടങ്ങളാണ് വരുത്തിയിട്ടുള്ളത്.അമിത വേഗതയിൽ എത്തുന്ന ഈ വാഹനങ്ങൾ പലപ്പോഴും എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. കഴിഞ്ഞദിവസം കുമളിയിൽ നിന്ന് കൊന്നക്കാടിന് പോയ സൂപ്പർഫാസ്റ്റിൽ സത്രത്തിൽ നിന്ന് എത്തിയ ഓഫ് റോഡ് ജീപ്പ് ഇടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ദിവസം സ്ത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി എത്തിയ ഓഫ് റോഡ് ജീപ്പിൽ സത്രത്തിൽ എത്തുമ്പോൾ 30 പേർജീപ്പിൽ ഉണ്ടായിരുന്നുവെന്നുവത്രേ.ജീപ്പിന്റെ വശങ്ങളിലും ബോണറ്റിലും ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സുരക്ഷ ഉറപ്പ്വരുത്തണം
ചെങ്കുത്തായ മലനിരകളും, കയറ്റിറക്കങ്ങളും, കുന്നും കുഴിയും ഉള്ള പ്രദേശങ്ങളിൽ കൂടിയാണ് ഈ ജീപ്പുകൾ ഓടിക്കുന്നത് എന്ന ബോധം പലപ്പോഴും ഓഫ് റോഡ് ഡ്രൈവർമാർ മറക്കുന്നു. വിനോദസഞ്ചാര മേഖലയിൽ എത്തുന്നവരെ സംബന്ധിച്ചിടത്തോളം പ്രദേശത്തെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇവർക്ക് വേണ്ട സുരക്ഷിതത്വം കൊടുത്തുകൊണ്ട് ഉപജീവനമാർഗമായി കാണേണ്ട ഓഫ് റോഡ് സവാരി ലാഘവത്തോടെ നടത്തുന്നതാണ് അപകടം വിളിച്ചു വരുത്തുന്നത്.
ഫിറ്റ്നസ് അനിവാര്യം
വിനോദസഞ്ചാര മേഖലയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും, ഒരു വാഹനത്തിൽകയറ്റി കൊണ്ടുപോകുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കർശന നിയമം ആവശ്യമാണ്. ഈ നിർദ്ദേശം പാലിക്കണമെന്നും ടൂറിസം മേഖലയിൽ ഉണ്ടാകുന്ന വളർച്ച കണ്ടു കൊണ്ട് തന്നെ ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗമാണ് ഈ തൊഴിൽ എന്ന് മനസ്സിലാക്കി ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാരുടെ ഫിറ്റ്നസ്, ഡ്രൈവർമാരുടെ ലൈസൻസ്, വാഹനങ്ങളുടെ സുരക്ഷാസംവിധാനം എന്നിവ കൃത്യമായി പരിശോധിച്ചു നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായി ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |