SignIn
Kerala Kaumudi Online
Saturday, 12 September 2026 9.37 AM IST

സത്രം എയർ സ്ട്രിപ്പിന് വീണ്ടും ചിറക് മുളയ്ക്കുന്നു,​ വനം- റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ചു

airstrip
സിറിയക് തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ട്, കോട്ടയം ഡി.എഫ്.ഒ പ്രഭുൽ അഗർവാൾ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പൊതുമരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥർ സത്രം എയർസ്ട്രിപ്പ് സന്ദർശിക്കുന്നു

പീരുമേട്: രാജ്യത്തിന് തന്നെ അഭിമാനമായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പ് പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. വനം- റവന്യൂ വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന ഭൂമി തർക്കം ചർച്ചകളിലൂടെ പരിഹരിച്ചതോടെയാണ് പദ്ധതിക്ക് വഴിതെളിഞ്ഞത്. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലന കേന്ദ്രമാണ് 90 ശതമാനം നിർമ്മാണം പൂർത്തിയാക്കിയിട്ടും വനംവകുപ്പിന്റെ എതിർപ്പ് കാരണം സ്തംഭിച്ചത്.

പ്രവർത്തനങ്ങൾക്കാവശ്യമായ 6.5 ഏക്കർ ഭൂമി വനംവകുപ്പ് കൈമാറും. പകരം അതേ അളവിലുള്ള ഭൂമി റവന്യൂ വകുപ്പ് വനംവകുപ്പിന് നൽകാനും തീരുമാനമായി. വനംവകുപ്പിന്റെ എതിർപ്പ് മൂലം മൂന്ന് വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി മുടങ്ങിയ നിലയിലായിരുന്നു. കനത്ത മഴയിൽ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞുപോയപ്പോൾ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതും 400 മീറ്റർ റോഡ് ടാറിംഗ് നടത്തുന്നതും വനംവകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന്, അഡ്വ. സിറിയക് തോമസ് എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേർക്കുകയുമായിരുന്നു. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സത്രത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ട്, കോട്ടയം ഡി.എഫ്.ഒ പ്രഭുൽ അഗർവാൾ ഉൾപ്പെടെ റവന്യൂ, പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും എൻ.സി.സി പ്രതിനിധികളും പങ്കെടുത്തു. പദ്ധതിക്കായി എൻ.സി.സി നൽകിയ 24 കോടി രൂപയിൽ 14 കോടിയോളം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായുള്ള മണ്ണുപരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചു. 6.5 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

നിർമ്മാണം ആരംഭിച്ചിട്ട് ഒമ്പത് വർഷം

റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് നിർമ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തുന്നത്. നിർമ്മാണം ഭൂരിഭാഗവും പൂർത്തിയാക്കി 2022 ഡിസംബർ ഒന്നിന് എസ്.ഡബ്ല്യു 80 എന്ന പരിശീലന വിമാനം ഇവിടെ ഇറക്കിയിരുന്നു.

പലവിധ ഉപയോഗം

എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്സ് വിമാനങ്ങളെയും വലിയ ഹെലികോപ്ടറുകളെയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. സീപ്ലെയിൻ ടൂറിസത്തിനും ഉപയോഗിക്കാം. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം. എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള ശബരിലയിൽ എത്തുന്ന തീർത്ഥാടകർക്കും സഹായകരമാവും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL