തൊടുപുഴ: പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കൊപ്പം ചേരാൻ യൂണിഫോം ധരിച്ചെത്തിയ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും സാമൂഹ്യമാദ്ധ്യമത്തിൽ തരംഗമാകുന്നു. കോതമംഗലം രൂപതയിലെ മികച്ച യു.പി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂളാണ് കൈയടി നേടുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ കുട്ടികളുടെ താത്പര്യാർത്ഥം കരാട്ടെ, ഡാൻസ്, ട്രോയിംഗ്, യോഗ, അബാക്കസ് തുടങ്ങിയ ഇനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്.
കരാട്ടെയും യോഗയുമൊക്കെ പരിശീലിച്ചശേഷം വീണ്ടും വസ്ത്രം മാറേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാവർക്കും ജേഴ്സി എന്ന ആശയത്തിലെത്തുകയായിരുന്നു. സ്റ്റാഫ് മീറ്റിംഗിനിടയിൽ മുഴുവനാളുകളും ഒരേ മനസോടെ സമാനമായ യൂണിഫോം എന്ന ആശത്തിലെത്തിയതോടെ ബ്ലൂ- റെഡ് കോമ്പിനേഷനിലുള്ള ജേഴ്സി റെഡിയായി. ഇതിന്റെ ഭാഗമായി അദ്ധ്യാപകർ ജേഴ്സി ധരിച്ചെത്തിയ വീഡിയോയാണ് തരംഗമായത്. ആറ് ലക്ഷത്തിലധികം പേരാണ് നിലവിൽ ഇൻസ്റ്റഗ്രാമിൽ ഇത് കണ്ടിരിക്കുന്നത്. നിലവിൽ കുട്ടികൾ ആഴ്ചയിൽ ഒരിക്കലും ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് അടക്കമുള്ള 21 പേർ മാസത്തിൽ ഒരിക്കലുമായിരിക്കും യൂണിഫോം ധരിച്ചെത്തുക.
വേദിയിൽ ജേഴ്സിയണിഞ്ഞ് ഗവ. ചീഫ് വിപ്പ്
മികച്ച സ്കൂളിലുള്ള പുരസ്കാരം നേടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വിദ്യാലയത്തിൽ നടത്തിയ അനുമോദന യോഗത്തിൽ ഉദ്ഘാടകനായി എത്തിയ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന് ജേഴ്സി നൽകിയിരുന്നു. ലഭിച്ചയുടനെ ചീഫ് വിപ്പ് വേദിയിൽ തന്നെ ജേഴ്സിയണിഞ്ഞാണ് പ്രസംഗിച്ചത്. എൽ.പി, യു.പി വിഭാഗങ്ങളിലെ 330 ഓളം കുട്ടികൾ ഈ ജേഴ്സിയണിഞ്ഞാണ് എത്തുന്നത്. മറ്റ് പല സ്കൂളുകളിലും കുട്ടികൾക്ക് ഇത്തരത്തിൽ ജേഴ്സിയുണ്ടെങ്കിലും അദ്ധ്യാപകരും അനദ്ധ്യാപകരും സമാനരീതിയിൽ ജഴ്സി ധരിച്ചെത്തുന്ന പതിവ് ഒരിടത്തുമില്ലെന്നതാണ് കല്ലാനിക്കൽ സ്കൂളിലെ പ്രത്യേകത.
പണവും തിരികെ നൽകും
ഒരു വിദ്യാർത്ഥിക്ക് യൂണിഫോം തയ്യാറാക്കുന്നതിനായി 650 രൂപയോളം ചെലവായിട്ടുണ്ടെങ്കിലും സർക്കാരിൽ നിന്ന് യൂണിഫോം ഗ്രാന്റ് കിട്ടുമ്പോൾ ചെലവായ തുക കുട്ടികൾക്ക് തിരികെ നൽകും. അദ്ധ്യാപകർക്കായി പേരെഴുതിയ ജേഴ്സിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് 800 രൂപയോളം ചെലവുണ്ട്. സ്കൂളിന്റെ പേരും ലോഗോയും അടങ്ങിയ ജേഴ്സി കായികമേളയ്ക്കടക്കം ഉപയോഗപ്പെടുത്താനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |