പീരുമേട്: ഏലപ്പാറ- കോഴിക്കാനം- കിഴക്കേപുതുവൽ- തേങ്ങാക്കല്ല് റോഡിന്റെ പുനർനിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. കരാറുകാരന്റെ അനാസ്ഥ മൂലം പണികൾ നിലവിൽ പൂർണ്ണമായും നിലച്ച സ്ഥിതിയാണുള്ളത്. ഓണത്തിന് ഒരാഴ്ച മുമ്പ് പണി നിറുത്തിപ്പോയ കരാറുകാരൻ ഇതുവരെയും തിരികെ എത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.
ദിവസേന നിരവധി വാഹനങ്ങൾ സർവീസ് നടത്തിയിരുന്ന പ്രധാന റോഡാണിത്. റോഡ് തകർന്നതോടെ സ്‌കൂൾ കുട്ടികളും പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്. പീരുമേട് മുൻ എം.എൽ.എ വാഴൂർ സോമൻ എട്ടുകോടി രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം തുടങ്ങിയത്. എന്നാൽ പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. തടസപ്പെട്ട റോഡ് പണി എത്രയും വേഗം പുനരാരംഭിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |