SignIn
Kerala Kaumudi Online
Saturday, 19 September 2026 3.02 PM IST

സ്റ്റാൻഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി, സംഘർഷം സമയക്രമത്തെ ചൊല്ലി

bus
ബസുകൾ തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്ന് സ്റ്റാൻഡിലുണ്ടായ സംഘർഷം

തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമയ ക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വീണ്ടും തർക്കവും സംഘർഷവും. മുട്ടം വഴി മൂലമറ്റത്തിനും ഈരാറ്റുപേട്ടയ്ക്കും സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ തമ്മിലാണ് ഇന്നലെ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.08ന് സ്റ്റാൻഡിൽ നിന്ന് പുറപ്പെടേണ്ട ഈരാറ്റുപേട്ട റൂട്ടിലോടുന്ന ആനകെട്ടിപ്പറമ്പിൽ ബസ് അൽപം താമസിച്ചു. തുടർന്ന് 1.10നു പോകേണ്ട മൂലമറ്റം റൂട്ടിലെ ബ്ലൂഹിൽ ബസ് പുറപ്പെടാനായി പിന്നോട്ട് എടുത്തപ്പോൾ ആനകെട്ടിപ്പറമ്പിൽ ബസും പിന്നിലേയ്ക്ക് എടുത്ത് ബ്ലൂ ഹിൽ ബസിൽ മനഃപൂർവം ഇടിപ്പിച്ചതായാണ് പരാതി. തുടർന്ന് രണ്ട് ബസുകളുടെയും ട്രിപ്പുകൾ മുടങ്ങി. സംഭവത്തെ തുടർന്ന് പൊലീസെത്തി കേസെടുത്തു. കഴിഞ്ഞ ദിവസം മുട്ടം വഴി പോകുന്ന മൂലമറ്റം, ഈരാറ്റുപേട്ട ബസുകളിലെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കം സംബന്ധിച്ച് പരിഹാരം ഉണ്ടാക്കുന്നതിന് ഈ റൂട്ടുകളിലെ ബസ് ഉടമകളെ പങ്കെടുപ്പിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യോഗം ചേർന്നിരുന്നു. ഇതിന്റെ തീരുമാന പ്രകാരം ഈ റൂട്ടിലെ ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടാൽ രണ്ട് മിനിറ്റ് കൊണ്ട് ധന്വന്തരി സ്റ്റോപ്പും നാല് മിനിറ്റിൽ ടൗൺഹാൾ സ്റ്റോപ്പും പിന്നിടണമെന്നായിരുന്നു നിർദേശം. ആറു മിനിറ്റു കൊണ്ട് സെന്റ് മേരീസ് ആശുപത്രി സ്റ്റോപ്പും കടന്നു പോകാൻ ധാരണയായിരുന്നു. 20 മിനിറ്റു കൊണ്ട് മുട്ടം ടൗണും പിന്നിടണം. എന്നാൽ, ഈ റൂട്ടിലെ ബസുകൾ പലപ്പോഴും സമയക്രമം പാലിക്കാതെ ഓടുന്നതാണ് പതിവായി സംഘർഷത്തിനിടയാക്കുന്നത്.

സംഘർഷം പതിവ്

സമയക്രമത്തെ ചൊല്ലി തൊടുപുഴ സ്വകാര്യ സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം പതിവു സംഭവമാണ്. സംഘർഷത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ച സംഭവം വരെ തൊടുപുഴ സ്റ്റാൻഡിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL