ചെറുതോണി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2014 മാർച്ച് 10ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം ഏഴാം തവണയും പുനഃപ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, പരിസ്ഥിതി ദുർബല മേഖല സംബന്ധിച്ച് കേരള സർക്കാർ സമർപ്പിച്ച ശാസ്ത്രീയവും പ്രായോഗികവുമായ നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ കാര്യത്തിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ 47 വില്ലേജുകളിലായി 2,651.12 ചതുരശ്ര കിലോമീറ്ററായിരുന്നു ഇ.എസ്.എ വിസ്തൃതി. എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ ഇത് 24 വില്ലേജുകളിലായി 1,939.17 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇതനുസരിച്ച് ജില്ലയിലെ 711.93 ചതുരശ്ര കിലോമീറ്ററാണ് ഇ.എസ്.എ വിസ്തൃതിയിൽ നിന്ന് ഒഴിവാക്കിയത്.
2013 നവംബർ 13ലെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്ന വനാതിർത്തി പങ്കിടാത്ത ജില്ലയിലെ 23 വില്ലേജുകളെ സമ്പൂർണമായി ഒഴിവാക്കിയാണ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയത്. വിദഗ്ദ്ധ സമിതികളുടെ പഠന റിപ്പോർട്ടുകളും ശാസ്ത്രീയ പഠനങ്ങളും അടിസ്ഥാനമാക്കി ഇ.എസ്.എ വനഭൂമിയിൽ മാത്രം പരിമിതപ്പെടുത്തുകയും കാർഷിക മേഖല, ജനവാസ മേഖല, തോട്ടം മേഖല എന്നിവ ഉൾപ്പെടുന്ന വനേതര പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച നിർദേശങ്ങൾ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാരിച്ചൻ നീറാണാകുന്നേൽ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, ഷാജി കാഞ്ഞമല, ടോമി പകലോമറ്റം, അഡ്വ. ജെയിംസ് മ്ലാക്കുഴി, കുര്യാക്കോസ് ചിന്താർമണി, ഷിജോ തടത്തിൽ, ജോയി വള്ളിയാംതടത്തിൽ, ജോയി കിഴക്കേപറമ്പിൽ, മാത്യു വാരികാട്ട്, ജോർജ് അമ്പഴം, ജോമോൻ പൊടിപാറ, അംബിക ഗോപൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |