SignIn
Kerala Kaumudi Online
Friday, 16 October 2026 3.47 AM IST

ശബരിമല തീർഥാടനം: റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി

dabarimalyogam

ഇടുക്കി:ശബരിമല തീർഥാടനത്തിനു മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ മണ്ഡലകാലാരംഭത്തിനു മുൻപേ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.വാളാടി,സത്രം,പുല്ലുമേട്, മുക്കുഴി,ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യത്തിന് ശുൗചാലയസൗകര്യങ്ങളുണ്ടെന്ന് വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും.

ആരോഗ്യപ്രശ്നങ്ങളുള്ളവരെ പരിശോധിച്ച് കടത്തിവിടാനുള്ള സംവിധാനം വാളാടിയിൽ ഉണ്ടാകും. ഹൃദ്രോഗമടക്കമുളളവരോട് സത്രം വഴിയുള്ള യാത്ര ഒഴിവാക്കുന്നതിന് നിർദ്ദേശം നൽകും. വിവിധ ഭാഷകളിൽ ഇക്കാര്യം അനൗൺസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടത്തും. വാളാടിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.സത്രത്തിനും പുല്ലുമേടിനുമിടയിൽ വനം വകുപ്പ് മൂന്നിടങ്ങളിൽക്കൂടി ഇത്തവണ സർവീസ് സെന്ററുകൾ (ഇക്കോ ഷോപ്പ്) തുറക്കും. സീറോ പോയിന്റ്, പുല്ലുമേട്,കഴുതക്കുഴി എന്നിവിടങ്ങളിലാണിത്. കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും.

നിരിക്ഷണം ശക്തമാക്കും

പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരു വാച്ച് ടവർ കൂടി നിർമിക്കും. ആറു പേർ അടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരും ഉണ്ടാവും. പകൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും. മേട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും. ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങൾ നന്നാക്കുന്നതിന് വർക്ക്‌ഷോപ്പ് സഹായം നൽകുന്നതിനടക്കം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വാട്ടർ അതോറിറ്റി ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യും.ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയിൽ എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. അഞ്ചുമല,കുമളി,പെരിയാർ,പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ തഹസീൽദാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറക്കും. ഉപ്പുപാറയിൽ അധികമായി ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റുകൂടി ഇടാൻ യോഗം നിർദ്ദേശം നൽകി.എ.ഡി.എം മിനി കെ. ജോൺ, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL