SignIn
Kerala Kaumudi Online
Thursday, 04 June 2026 5.52 AM IST

കരാർ ജീവനക്കാരുടെ കാലാവധി 30 വരെ നീട്ടി,   കുടുംബശ്രീയിൽ മാറ്റങ്ങൾ വരും 

sree
കുടുംബശ്രീ

കാസർകോട്: ഭരണം മാറിയതോടെ കുടുംബശ്രീ സംവിധാനത്തിലും വലിയ മാറ്റങ്ങൾ വരും. കരാർ ജീവനക്കാരായി നിയമിതരായ 2624 പേരുടെ കരാർ കാലാവധി ഈ മാസം 30 വരെ നീട്ടിനൽകി. നേരത്തെ നിയമന കരാർ പുതുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി മേയ് 31വരെ നീട്ടിയിരുന്നു. അതാണ് ഒരു മാസം കൂടി നീട്ടിയത്.

കുടുംബശ്രീയിൽ മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാർതലത്തിൽ ആലോചന തുടങ്ങിയിട്ടുണ്ട്. പുതിയ കരാർ ജീവനക്കാരെ നിയമിക്കുന്നതിനും പുതിയ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിനുമാണ് ചർച്ച. ഇതോടെ പത്തും അതിലേറെയും വർഷങ്ങളായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായേക്കും.

മേയ് 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരുവർഷത്തെ കരാർ ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ്‌ അപ്രതീക്ഷിത നടപടിയുണ്ടായത്. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം ജൂൺ ഒന്നിന് ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. അതാണിപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.

യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരുൾപ്പെടെ പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്‌തുവരുന്നവർ കൂട്ടത്തിലുണ്ട്‌. കുടുംബശ്രീയെ ചലിപ്പിക്കുന്നതിൽ ഇവർക്ക്‌ പ്രധാന പങ്കുണ്ട്‌. 2025ൽ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടുമാരെ സ്ഥലംമാറ്റി നിയമിച്ചിരുന്നുവെങ്കിലും ആരെയും ഒഴിവാക്കിയിരുന്നില്ല.

2624 കരാർ ജീവനക്കാർ

കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോ–ഓർഡിനേറ്റർ, അസിസ്റ്റന്റ്‌ കോ-ഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്‌. 1070 സി.ഡി.എസ്‌ അക്ക‍ൗണ്ടന്റ്‌, 154 ജില്ലാ പ്രോഗ്രാം മാനേജർമാർ, 608 ബ്ലോക്ക്‌ കോ–ഓർഡിനേറ്റർമാർ, 45 സിറ്റിമിഷൻ മാനേജർ, 45 സോഷ്യൽ ഡവലപ്‌മെന്റ്‌ സ്‌പെഷ്യലിസ്‌റ്റ്‌, 535 കമ്യൂണിറ്റി ക‍ൗൺസിലർ, 28 ജില്ലാ അക്ക‍ൗണ്ടന്റ്‌, 43 എസ്‌.വി ഇ.പി ജില്ലാ അക്ക‍ൗണ്ടന്റുമാർ, സംസ്ഥാന മിഷനിലെ 59 മാനേജർമാർ, പി.ആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്‌പെഷൽ പ്രോജക്‌ട്‌ 17, എട്ട്‌ മറ്റുള്ളവർ എന്നിങ്ങനെ 2624 കരാർ ജീവനക്കാരാണുള്ളത്‌.

കരാർ നിയമനം പുതുക്കുന്നത് ജൂൺ 30 വരെ തത്കാലം തടഞ്ഞതാണ്. നിലവിൽ ജീവനക്കാരിൽ ആരെയും ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. സർക്കാർ തലത്തിൽ തീരുമാനം വരുന്ന മുറക്ക് മറ്റു നടപടികൾ ആരംഭിക്കും.

എച്ച്. ദിനേശൻ

(കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, തിരുവനന്തപുരം)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KUDUMBASRE STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL